പാരീസ്: സ്റ്റീവൻ സ്പീൽബർഗിന് ദ ടെർമിനൽ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1988 മുതൽ 2006 വരെ പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലാണ് മെഹ്റാൻ കരീമി ജീവിച്ചത്. റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനേത്തുടർന്നായിരുന്നു ഇത്.
പിന്നീട് വിമാനത്താവളത്തിലായി മെഹ്റാൻ കരീമിയുടെ ജീവിതം. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ ഉറങ്ങും. വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം തള്ളിനീക്കി. ലോർഡ് ആൽഫ്രെഡ് എന്നൊരു പേരും ഇതിനിടെ ആരോ നൽകി. വിമാനത്താവളത്തിലെത്തുന്നവർക്ക് ചെറിയ പ്രമുഖനുമായി മാറി ഇദ്ദേഹം.