പയ്യന്നൂരില്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോളോത്ത് റെയിൽവെ മേൽപാലത്തിന് സമീപം താമസിക്കുന്ന അബ്ദുൾ സമദിൻ്റെ ( 62 ) വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ ടൗണിലെ വ്യാപാരിയാണ് അബ്ദുൾ സമദ്. വ്യാപാരിയുടെ മകളുടെ മകൻ മോഷ്ടാവിനെ കണ്ടിരുന്നതായി പോലീസിൽ അറിയിച്ചിട്ടുണ്ട്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ വ്യാപാരിയുടെ മകളുടെ മകൻ വീട് പൂട്ടി കിടക്കുന്നത് കണ്ട് പിറക് വശത്തേക്ക് പോയപ്പോൾ മോഷ്ടാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ ഓടിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള കിണർ വഴി അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് ബാഗിൽ സൂക്ഷിച്ച മൂന്നര ലക്ഷം രൂപയുമായി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് പണവുമായി ഓടി മറയുന്നത് അയൽ വീട്ടുകാരും കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടി വിവരമറിയിച്ചതിനെ തുടർന്ന്സെൻട്രൽ ബസാറിലെ വ്യാപാരിയായ അബ്ദുൾ സമദ് വീട്ടിലെത്തുകയും വീട് തുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.പി. വിജേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.