പാലക്കാട്: മോഷ്ടിക്കാന്‍ കയറുന്നതിനിടയില്‍ കള്ളന് വിശക്കുമോ? വിശക്കും എന്നാണ് പാലക്കാട് നഗരത്തിലെ അംഗനവാടിയില്‍ കയറിയ കള്ളന്‍ തെളിയിക്കുന്നത്. കല്‍പാത്തി അയ്യപുരത്തുള്ള അംഗന്‍വാടിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അംഗനവാടിക്കുള്ളില്‍ കയറിയ കള്ളന്‍ കുട്ടികള്‍ക്കായി സൂക്ഷിച്ചിരുന്ന അരിയും പയറുമെടുത്ത് പാകം ചെയ്തു കഴിച്ചു. പാചകത്തിന് ശേഷം പാത്രങ്ങളൊന്നും കഴുകി വൃത്തിയാക്കാന്‍ കള്ളന്‍ മെനക്കെട്ടില്ല. അടുക്കള അലങ്കോലമാക്കിയിട്ട ശേഷം ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണുള്ളത്.
അംഗനവാടിക്കുള്ളില്‍ ഉണ്ടായിരുന്ന ഫാനും വിളക്കുകളും മോഷണം പോയിട്ടുണ്ട്.ഇന്നലെ അംഗന്‍വാടി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ഉടനെ ടൗണ്‍ നോര്‍ത്ത് പോലീസിനെ വിവരം അറിയിച്ചു. ജീവനക്കാരുടെ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.