തിരുവല്ല : കവിയൂർ പുഞ്ചയുടെ ഭാഗമായ ആമല്ലൂർ പാടശേഖരത്തിൽ കൃഷിമന്ത്രിയുടെ മിന്നൽ പരിശോധന. കൃഷിയിടം ഒരുക്കാതെ പാടത്തു വിത്തുവിതച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഉചയ്ക്ക് 2 മണിയോടെയാണ് മന്ത്രി പാടശേഖരത്ത് വന്നത്.
പുല്ലും, കളയും നിറഞ്ഞു നിന്ന പാടത്ത് വിത്തു വിതയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ വന്നിരുന്നു. പാടം ഒരുക്കാതെ
അന്യസംസ്ഥാന തൊഴിലാളികൾ പുല്ലിന്റെ മുകളിൽ വിത്ത് വിതയ്ക്കുന്നതായിരുന്നു വീഡിയോ. 24 ഏക്കർ പാടം ആലപ്പുഴ സ്വദേശി പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്നിടത്തായിരുന്നു ഇത്തരത്തിൽ വിത്ത് പാകിയത്. കളനാശിനി അടിച്ചിട്ടാണ് വിത്തുവിതച്ചത് എന്ന് കൃഷിഭവനിലെ ഉദ്യോഗസ്ഥരെ പാട്ട കൃഷിക്കാരൻ അറിയിച്ചതായി ഉദ്യോഗസ്ഥർ മന്ത്രിയോടു പറഞ്ഞു. കൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഉള്ള ശ്രമമാണോയെന്ന് പരിശോധിക്കുമെന്നും, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ എവിടെ എങ്കിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൃഷിയിടം ഒരുക്കാതെ പാടത്ത് വിത്ത് വിതച്ചു : തിരുവല്ല ആമല്ലൂർ പാടശേഖരത്തിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
Advertisements