കൊച്ചി : ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് മാളികപ്പുറം. മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ 25 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ 25 കോടി ക്ലബ്ബിൽ ചിത്രം കയറിയെന്ന പോസ്റ്റർ പങ്കുവെച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറത്തെ മാറ്റിയ പ്രേക്ഷകരോട് താരം നന്ദിയും അറിയിച്ചു.
റീമേക്ക് റൈറ്റ്സ്, സാറ്റലൈറ്റ്, ഒ.ടി.ടി എന്നിവയിൽ നിന്നും മികച്ച ബിസിനസ് നേടാനാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഡിസംബർ 30 നാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 18 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊങ്കൽ റിലീസായി തമിഴ് താരങ്ങളായ വിജയ്യുടെ വാരിസും അജിത്തിന്റെ തുനിവും എത്തിയിട്ടും മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുകയാണ്. മാളികപ്പുറത്തിന്റെ മൊഴിമാറ്റിയ പതിപ്പ് വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ റിലീസാകുമെന്നാണ് വിവരങ്ങൾ.
ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിലുണ്ട്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.