ഒരു പതിറ്റാണ്ടിന് മുൻപ് വരെ ഇന്ത്യൻ സിനിമയിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഇൻഡസ്ട്രിയായിരുന്നു കന്നഡ സിനിമ. മാസ് മസാല ചിത്രങ്ങളുടെ ലോകമാണ് സാൻഡൽവുഡ് എന്ന ധാരണ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ബെംഗളൂരുവിന് പുറത്തുള്ള ലോകത്തെ കഥകളൊന്നും കന്നട സിനിമ വേണ്ട വിധത്തിൽ പരിഗണിച്ചിരുന്നില്ല. കന്നട സൂപ്പർതാരങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ ആരാധകവൃന്ദം ഉണ്ടായിരുന്നില്ല. അതിനിടെയാണ് സിനിമയോട് കടുത്ത അഭിനിവേശവുമായി മൂന്ന് ചെറുപ്പക്കാർ എത്തുന്നത്. മൂവരും മികച്ച സംവിധായകർ, അഭിനേതാക്കൾ. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി. ഷെട്ടി. പ്രശാന്ത് നീലിന്റെ കെ.ജി.എഫിലൂടെ കന്നട സിനിമ പാൻ ഇന്ത്യൻ തലത്തിലേക്ക് വളരുന്നതിനും മുൻപാണ് ഇവർ മൂവരും തങ്ങളുടെ ദൗത്യം ആരംഭിച്ചത്. പരാജയത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളിൽ നിന്ന് പടവെട്ടി പൊരുതിയ ഷെട്ടി ത്രയം അങ്ങനെ അന്യഭാഷ പ്രേക്ഷകർക്കും പ്രിയപ്പെട്ടവരായി.
ഈ മൂവരും തമ്മിൽ ദീർഘനാളത്തെ സൗഹൃദത്തിന്റെ ചരിത്രമുണ്ട് ക്ലാപ്പ് ബോയിമാരായി സിനിമയിലെത്തിയവരാണ് റിഷഭും രക്ഷിതും രാജും. പിന്നീട് സംവിധാന സഹായിയായി. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് കന്നട സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. സമീപകാലത്ത് റിലീസ് ചെയ്ത് ഗംഭീര വിജയം ‘777 ചാർലി’യിലെ നായകനായിരുന്നു രക്ഷിത്. രാജ് ആയിരുന്നു ചിത്രത്തിന് വേണ്ടി സംഭാഷണങ്ങളെഴുതിയത്. ഇപ്പോൾ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ‘കാന്താര’ വൻവിജയം നേടി പ്രദർശനം തുടരുമ്പോൾ ഷെട്ടി ത്രയങ്ങൾ കന്നട സിനിമയുടെ അഭിവാജ്യഘടകമായി മാറുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഋഷഭിന്റെ ആദ്യ സംവിധാന സംരഭമായ ‘റിക്കി’യിൽ രക്ഷിത് ആയിരുന്നു നായകൻ. എന്നാൽ ആ സിനിമ ബോക്‌സ്ഓഫീസിൽ വിജയം നേടിയില്ല. തുടക്ക കാലത്ത് തങ്ങളുടെ സിനിമയ്ക്ക് ആളെ കയറ്റാൻ സൗജന്യമായി ടിക്കറ്റുകൾ നൽകുന്ന അവസ്ഥ പോലും ഉണ്ടായിരുന്നുവെന്ന് ഋഷഭ് പറയുന്നു. ഞാനും രക്ഷിതും സുഹൃത്തുക്കളാണ്. സഹോദര സ്‌നേഹത്തിനപ്പുറമുള്ള ബന്ധമാണ്. സിനിമയിൽ ഇടംനേടാൻ കഷ്ടപ്പാടുകളിലൂടെ ഒരുമിച്ച് നടന്നവരാണ്. അതുകൊണ്ടു തന്നെ വൈകാരികമായി വല്ലാത്ത ആത്മബന്ധമുണ്ട്. ഒരിക്കലും നല്ല തുടക്കമായിരുന്നില്ല. സിനിമകൾ പരാജയപ്പെട്ടപ്പോൾ തിരിച്ചടികൾ നേരിട്ടു.
അന്നെല്ലാം രക്ഷിത് സിനിമാ തിയേറ്ററിന് പുറത്തിറങ്ങി ആളുകൾക്ക് സൗജന്യമായി ടിക്കറ്റ് നൽകും. ഞങ്ങളുടെ സിനിമ കാണണമെന്ന് അപേക്ഷിക്കും. എന്നാൽ അവരാകട്ടെ അത് മറിച്ച് വിറ്റ് മദ്യം വാങ്ങിക്കും. എന്നാൽ ഇന്ന് ഞങ്ങളുടെ സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ വലിയ ആവേശവും സന്തോഷവും തോന്നുന്നു- ഋഷഭ് അഭിമുഖത്തിൽ പറഞ്ഞു. സെപ്തംബർ 30-നാണ് ‘കാന്താര’ റിലീസ് ചെയ്തത്. ചിത്രത്തിന് വൻസ്വീകാര്യത ലഭിച്ചപ്പോഴാണ് മറ്റു ഭാഷകളിൽ ഡബ്ബ് ചെയതത്. 250 കോടി നേടി ചിത്രം പ്രദർശനം തുടരുകയാണ്.