തൃശൂർ: ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയില്‍ ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയില്‍ ഷോബിയെ (39) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റു. തലയില്‍ നാല് സ്റ്റിച്ചുകളുണ്ട്. ഷോബി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
പച്ചക്കറി വാങ്ങിക്കാൻ പോകുമ്പോഴാണ് ഷോബിക്ക് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തെന്ന് ഷോബി പറയുന്നു. വീണിടത്ത് നിന്ന് എഴുന്നേല്ക്കുമ്പോള് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നും ഷോബി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറേനാളായി ഭീഷണിയുണ്ടായിരുന്നുവെന്നും ഷോബി പറഞ്ഞു. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസില്‍ പരാതി നല്കി. പണം വെച്ച് ചീട്ട് കളിച്ച സംഘത്തെ പഞ്ചവടി സെന്ററില്‍ നിന്ന് രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ചീട്ടുകളി സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത് താനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും ഷോബി പറഞ്ഞു.