തൃശ്ശൂർ : ചേര്‍പ്പ് പാറക്കോവിലില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിൽ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി. പാറക്കോവിലില്‍ വാടകക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാള്‍ ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക് (40) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മന്‍സൂര്‍ മാലികിന്റെ ഭാര്യ രേഷ്മ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയോളമായി മന്‍സൂര്‍ മാലികിനെ കാണാനില്ലായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ബീവി ഇന്ന് ഉച്ചയോടെ ചേര്‍പ്പ് പോലീസില്‍ പരാതിയുമായി എത്തി. എന്നാല്‍ കൂടുതല്‍ വിശദമായി ചോദിച്ചപ്പോള്‍ ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും പൊരുത്തക്കേടുള്ളതായി പോലീസിന് സംശയം തോന്നി. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ പന്ത്രണ്ടാം തീയതി ഞായറാഴ്ച ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ ഇവര്‍ കമ്പികൊണ്ട് തലക്കടിക്കുകയും പരിക്കേറ്റ മന്‍സൂര്‍ മാലിക് കൊല്ലപ്പെടുകയുമായിരുന്നു. പുലര്‍ച്ചയോടെ പണിക്കാരന്റെ സഹായത്തോടെ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടതായാണ് സൂചന. ഭര്‍ത്താവിനെ കമ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായും, മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ടതായും ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പന്ത്രണ്ടും ഏഴും വയസുള്ള രണ്ടു മക്കള്‍ക്കൊപ്പം പാറക്കോവിലിലെ വാടക വീട്ടിലാണ് മന്‍സൂര്‍ മാലിക്കും ഭാര്യയും താമസിച്ചിരുന്നത്. ബംഗാളികളായ രണ്ടു പണിക്കാരും ഈ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. മൃതദേഹം കുഴിച്ചിടാന്‍ രേഷ്മ ബീവിയെ സഹായിച്ചതായി സംശയിക്കുന്ന ധീരു എന്ന പണിക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോലീസ് നാളെ രാവിലെ മൃതദേഹം കുഴിച്ചിട്ടതായി പറയുന്ന സ്ഥലം തുറന്ന് പരിശോധിക്കും.