കോട്ടയം: അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരവും, ഇടുങ്ങിയ കെട്ടിടങ്ങളും ചേർന്നു സംക്രാന്തിയിൽ അപകടക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം ഓൾഡ് എം.സി റോഡിലൂടെ എത്തിയ കണ്ടെയ്‌നർ ലോറി പേരൂർ റോഡിലേയ്ക്കു തിരിയുന്നതിനിടെ പ്രദേശത്തെ കെട്ടിടത്തിൽ ഇടിച്ച് കെട്ടിടം തകർന്നു. അപകടത്തെ തുടർന്നു പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരുന്നു.
സംക്രാന്തി ജംഗ്ഷനിൽ എത്തുന്ന ഭാരവാഹനങ്ങൾ പേരൂർ റോഡിലേയ്ക്കു തിരിയുന്നത് കാരിത്താസ് ഭാഗത്ത് അടക്കം ചെന്ന് ഓൾഡ് എം.സി റോഡ് വഴി കയറിയെത്തിയ ശേഷമാണ്. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഓൾഡ് എം.സി റോഡിൽ നിന്നും പേരൂർ റോഡിലേയ്ക്ക് തിരിയുന്നത് ഏറെ പാടുപെട്ടാണ്. ഇത്തരത്തിൽ വാഹനം തിരിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ലോറി ഈ റോഡരികിലുണ്ടായിരുന്ന കെട്ടിടത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടം ഏതാണ്ട് ഭാഗീകമായി തകരുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംക്രാന്തി ജംഗ്ഷന്റെ കൃത്യം മധ്യഭാഗത്തായി ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയുണ്ട്. ഈ കാണിക്കവഞ്ചിയിരിക്കുന്നതുകൊണ്ടു തന്നെ നടു റോഡിൽ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് കടന്നു പോകാനുള്ള വഴിയുള്ളത്. ഇതിനാൽ ചെറു വാഹനങ്ങൾക്ക് ഇവിടെ വൺവേ ഏർപ്പെടുത്തിയിരിക്കുകയാണ്. ഓൾഡ് എം.സി റോഡിൽ നിന്നും പേരൂർ റോഡിൽ നിന്നും എത്തുന്ന ഭാരവാഹനങ്ങൾക്ക് എം.സി റോഡിലേയ്ക്കു പ്രവേശിക്കണമെങ്കിൽ ഏറെ ചുറ്റി വേണം. എന്നാൽ, ഓൾഡ് എം.സി റോഡിലാകട്ടെ ഇത്തരത്തിൽ വാഹനങ്ങൾ ചുറ്റിവളഞ്ഞ് വരാനുള്ള വഴിയില്ലെന്നതാണ് ഏറെ അപകടകരം. ഇത്തരം സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഇവിടെ അപകടം ഉണ്ടായതും, കണ്ടെയ്‌നർ ലോറി ഇടിച്ച് കെട്ടിടം തകർന്നതും.