കല്‍പ്പറ്റ: മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന, ഭീമന് യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്ലര് ലോറികള്‍ ഡിസംബര്‍ 22ന് താമരശേരി ചുരം കയറി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്കോടേക്ക് പോകും.
ട്രയ്ലര്‍ ലോറികളെ 22ന് രാത്രിയില്‍ ചുരംപാത വഴി കടത്തിവിടാനാണ് കോഴിക്കോട്, വയനാട് ജില്ലാ ഭരണാധികാരികളുടെ തീരുമാനം. 22ന് ചുരംപാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടിലേക്ക് കടന്നുപോകാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്കിയ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് കളക്ടറേറ്റില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ ലോറികളാണ് മാസങ്ങളായി അടിവാരത്ത് തടഞ്ഞിട്ടിരിക്കുന്നത്. ഇതിനകം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപ കരുതല്‍ തുക തുടങ്ങിയവ ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ നേരത്തേ ഹാജരാക്കിയിരുന്നു. കൂറ്റന്‍ യന്ത്രങ്ങളുമായി ലോറികള്‍ക്ക് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കാനായി 22ന് രാത്രി എട്ടുമണിയോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 9 ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ചുരത്തിലുടെ കടത്തിവിടില്ല.രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
- സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും 22ന് രാത്രി 8 മണി മുതല്‍ ബീനച്ചി പനമരം വഴിയോ, മീനങ്ങാടി പച്ചിലക്കാട് വഴിയോ പക്രന്തളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
- സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി. , സ്വകാര്യ ബസ്സുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രന്തളം ചുരത്തിലൂടെ പോകേണ്ടതാണ്.
- ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
- രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.