തിരുവനന്തപുരം : സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് , വർണ്ണപ്പകിട്ട് 2024, ഫെബ്രുവരി 17ന് തൃശ്ശൂരില്‍ തിരിതെളിയും. കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗണ്‍ഹാള്‍, എഴുത്തച്ഛൻ സമാജം ഹാള്‍ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. 17ന് വൈകിട്ട് നാലു മണിക്ക് വിദ്യാർത്ഥി കോർണറില്‍ നിന്നാരംഭിച്ച് ടൗണ്‍ഹാളില്‍ എത്തിച്ചേരുന്ന ഘോഷയാത്രക്ക് പിന്നാലെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാൻസ്ജെൻഡർ വ്യക്തികള്‍ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.
ഇന്ത്യയില്‍ ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിൻ്റെ ഭാഗമായി, ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ‘വര്‍ണ്ണപ്പകിട്ട്’ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 2019-ല്‍ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വര്‍ഷങ്ങളില്‍ നടത്താൻ സാധിക്കാതെ വന്ന വർണ്ണപ്പകിട്ട്, കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14 ജില്ലകളില്‍ നിന്നായി വർണ്ണപ്പകിട്ടില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന, ഗ്രൂപ്പ്, സിംഗിള്‍ ഇനങ്ങള്‍ അവതരിപ്പിക്കുന്ന, എല്ലാ ട്രാൻസ്ജെന്‍ഡർ വ്യക്തികള്‍ക്കും ആദരഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാൻസ്ജെൻഡർ പ്രതിഭകള്‍ക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാലു രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വർണ്ണപ്പകിട്ട്. വർണ്ണപ്പകിട്ടില്‍ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് രണ്ട് ജെപിഎച്ച് എൻ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും രണ്ട് ആംബുലൻസും സജ്ജീകരിക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ രചനാപരമായ കഴിവുകള്‍ എല്ലാക്കാലത്തേക്കുമായി അടയാളപ്പെടുത്താൻ അവരുടെ സൃഷ്ടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടികളുടെ ഫോട്ടോകളും വാർത്തകളും ഉള്‍പ്പെടുത്തി പത്രപ്രവർത്തന വിദ്യാർത്ഥികളുടെ സഹകരണത്തോടെ സുവനീർ പുറത്തിറക്കും.