തൃശൂർ : ഡോക്ടറെ കാണാൻ എത്തിയ വയോധികക്ക് ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി മാല മോഷ്ടിച്ച യുവതി പിടിയിൽ. തളിക്കുളം സ്വദേശി ലജിതയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ സ്ത്രീയുടെ മാലയാണ് ലജിത മോഷ്ടിച്ചത്.
ഡിസംബർ 2നാണ് സംഭവം. തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്നു വയോധിക. മറ്റൊരു ഡോക്ടറെ കാണാനെന്ന വ്യാജേന അടുത്തിരുന്ന ലജിത വയോധികയോട് സ്നേഹം നടിച്ച് ഉറക്കഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നു. ജ്യൂസ് കുടിച്ച വയോധിക ഉറക്കം തൂങ്ങാൻ തുടങ്ങിയതോടെ മടിയിൽ തലവെച്ച് ഉറങ്ങിക്കൊള്ളാൻ പറഞ്ഞ ലജിത, വയോധിക ബോധരഹിതയായതോടെ ഇവർ ധരിച്ചിരുന്ന മാല മോഷ്ടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാല പിന്നീട് നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം തരപ്പെടുത്തുകയും ചെയ്തു. മാല നഷ്ടപ്പെട്ട വയോധിക നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ വിദഗ്ദ പരിശോധനയിൽ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ. മോഷണത്തിന് പുറമെ വ്യാജസ്വർണം പണയം വെച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതിയുടെ ദൃശ്യങ്ങൾ നഗരത്തിൽ പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചതാണ് നിർണ്ണായക തെളിവായത്.