തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് മൂന്ന് മണിക്കൂർ നേരം കൂരിരുട്ട്. സ്ത്രീകളുടേയും കുട്ടികളുടേയും അത്യാഹിത വിഭാഗം ബ്ലോക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ മൂന്ന് മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ബ്ലോക് ഇരുട്ടിലായതോടെ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കഴിഞ്ഞ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. താത്കാലിക ജനറേറ്റർ വാടകയ്ക്കെടുത്താണ് വൈദ്യുതി പുനസ്ഥാപിച്ചത്. ടോർച്ചിന്റേയും മെഴുകുതിരി വെളിച്ചത്തിന്റേയും സഹായത്തോടെയാണ് ഏറെ നേരം ആശുപത്രി പ്രവർത്തനം മുന്നോട്ട് പോയത്. കുഞ്ഞുങ്ങളുടെ ഐസിയു വിൽ വൈദ്യുതി ഉണ്ടെന്നാണ് ആശുപത്രി സുപ്രണ്ട് അവകാശപ്പെടുന്നത്. വൈദ്യുതി ബന്ധം നഷ്ടമായതിന് പുറമേ ജനറേറ്ററും കേടായതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു. താൽക്കാലിക ജനറേറ്റർ ഉടൻ എത്തിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ആശുപത്രിയിൽ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിലെ ഒരു ബ്ലോക്കിൽ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗത്തിന്റേയും സഹായം തേടിയിരുന്നു. കുട്ടികളുടെ വിഭാഗത്തിൽ, ഐസിയുവിൽ ഉൾപ്പെടെ പ്രശ്‌നമില്ലെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചത്.