200 കോടി രൂപയുടെ സ്വത്തുക്കളുപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ബിസിനസുകാരനും ഭാര്യയും. ഗുജറാത്തിലെ സബർകാന്ത മേഖലയിലെ ഹിമ്മത്‌നഗറില്‍ താമസിക്കുന്ന ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് ലൗകികജീവിതവും അതിന്റെ സുഖസൗകര്യങ്ങളും എല്ലാം ഉപേക്ഷിച്ചുകൊണ്ട് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിയില്‍ അടക്കം ഇരുവരും ചർച്ചാവിഷയമായിത്തീർന്നിരിക്കുകയാണ്. പലരും അവിശ്വസനീയതോടെയാണ് ഇക്കാര്യം കേട്ടത്. ഇത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എന്നും എന്തുകൊണ്ടാണ് ദമ്പതികള്‍ ഈ തീരുമാനം എടുത്തത് എന്നും പലരും ചോദിക്കുന്നു. സബർകാന്തയിലെ സാമ്പത്തികമായി നല്ല നിലയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ഭവേഷ് ഭായ് ഭണ്ഡാരി കുട്ടിക്കാലം മുതല്‍ സുഖലോലുപതയില്‍ വളർന്ന ആളാണ്.
പിന്നീട് അദ്ദേഹം നിർമ്മാണ വ്യവസായത്തിലേക്ക് തിരിഞ്ഞു. അഹമ്മദാബാദിലും സബർകാന്തയിലും ബിസിനസ്സ് ചെയ്തു. സന്യാസിമാരും അവരുടെ അനുയായികളും ഉള്‍പ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരി കുടുംബത്തിലുള്ളവർ. എയർകണ്ടീഷണറുകള്‍, ഫാനുകള്‍, സെല്‍ഫോണുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ച് സന്യാസ ജീവിതം നയിക്കാനാണ് ഭാവേഷ് ഭായിയുടെയും ഭാര്യയുടെയും തീരുമാനം. ഇവരുടെ 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും 2022 -ല്‍ സന്യാസിമാരാകാൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ദമ്പതികളുടെയും തീരുമാനമെന്ന് ടൈംസ് നൗ എഴുതുന്നു. ഭണ്ഡാരി ദമ്ബതികളടക്കം മുപ്പത്തിയഞ്ചുപേർ ഹിമ്മത്‍നഗറില്‍ നടന്ന ഗംഭീരമായ ഘോഷയാത്രയില്‍ സന്യാസ ജീവിതം നയിക്കുമെന്ന് വാഗ്ദാനം ചെയ്തു കഴിഞ്ഞു. 4 കിലോമീറ്റർ നീണ്ടുനിന്ന ഘോഷയാത്രയില്‍ ഭാവേഷ് ഭായ് തൻ്റെ 200 കോടിയും നല്‍കി കഴിഞ്ഞു എന്നും റിപ്പോർട്ടുകള്‍ പറയുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, ഏപ്രില്‍ 22 -ന് ഹിമ്മത്‍നഗറില്‍ വച്ച് ദമ്ബതികള്‍ ആജീവനാന്തകാലത്തേക്ക് സന്യാസം സ്വീകരിക്കും.