കാഞ്ഞിരപ്പള്ളി : അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ സെയ്ഫൂദ്ദീൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസ്സര്‍, കേബിളുകൾ, 02 മോട്ടോർ പമ്പുകൾ തുടങ്ങിയവ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിൽ ആയാണ് മോഷണം നടത്തിയിരുന്നത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ജെസ്സിൽ ടി.എസ്, അബ്ദുൽ ഹക്കീം, അഫ്സൽ അഷറഫ് എന്നിവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു.
തുടർന്ന് ഒളിവിൽ പോയ മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ , സി.പി.ഓ മാരായ ബിനു പി, രതീഷ്, റഫീഖ്, പീറ്റർ വർഗീസ്, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.