ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകനുമെതിരെ ആരോപണം ഉയർത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്. ‘താങ്കളുടെ മകന് ജയ് ഷാ ക്രിക്കറ്റില്‍ എത്ര റണ്‍സെടുത്തിട്ടാണ് ബിസിസിഐ സെക്രട്ടറി ആയത്’ എന്നായിരുന്നു ഉദയനിധിയുടെ ചോദ്യം. ചെന്നൈയില്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഡിഎംകെയില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിഎംകെ നേതാക്കള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളിയാഴ്ച രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത് ഷായുടെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി ഉദയനിധി. ‘തിരഞ്ഞടുപ്പില്‍ മത്സരിച്ചാണ് താന്‍ എംഎല്‍എയായതും പിന്നീട് മന്ത്രിയായതും. ഡിഎംകെ നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ താങ്കളോട് ഞാന്‍ ഒരു ചോദ്യം ചോദിക്കുകയാണ്. നിങ്ങളുടെ മകന് ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറി ആയത്? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്? എത്ര റണ്‍സ് നേടിയിട്ടുണ്ട്?’, അദ്ദേഹം ചോദിച്ചു.