കീവ്: റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധ ഭീതിയിൽ ഇന്ത്യയെയും സമ്മർദത്തിലാക്കി അമേരിക്കൻ ഇടപെടൽ. യുദ്ധമുണ്ടായാൽ അമേരിക്കയ്‌ക്കൊപ്പം ഇന്ത്യ നിൽക്കണമെന്ന അഭ്യർത്ഥന മുന്നോട്ടു വന്നതാണ് ഇന്ത്യയെ ഇപ്പോൾ സമ്മർദത്തിലാക്കിയിരിക്കുന്നത്. യുക്രെയിനിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യ ഇതുവരെയും ഒരാളെയും പിൻതുണച്ച് രംഗത്ത് എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാട് നിർണ്ണായകമാകുന്നത്. സംഘർഷം കൂടുതൽ ശക്തമാവുന്നതിനിടെ സൈന്യത്തെ പിൻവലിച്ചുവെന്ന മോസ്‌കോയുടെ പ്രഖ്യാപനം തള്ളി വൈറ്റ് ഹൗസും രംഗത്ത് എത്തി.
യുക്രെയിൻ അതിർത്തിയിൽ പുതുതായി 7000 ട്രൂപ്പുകളെക്കൂടി റഷ്യ വിന്യസിച്ചിരിക്കുകയാണ്. യുക്രെയിനിനെ ഏത് നിമിഷവും റഷ്യ ആക്രമിച്ചേക്കാമെന്നും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സേന പിന്തിരിയുന്നതായുള്ള സൂചനകളൊന്നുമില്ലെന്ന് അമേരിക്കയും നാറ്റോയും സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശീതയുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് യുക്രെയിൻ അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസത്തെ വിശേഷിപ്പിക്കുന്നത്. രാജ്യാതിർത്തിയിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയതായി കരുതുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. തങ്ങൾ ആരെയും ഒരു ശത്രുക്കളെയും പേടിക്കുന്നില്ലെന്നും സെലെൻസ്‌കി വ്യക്തമാക്കി.
യുക്രെയിനിൽ റഷ്യ അധിനിവേശം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അടുത്തിടെ നടന്ന ക്വാഡ് (അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തുന്ന സുരക്ഷ സംബന്ധിച്ച ചർച്ച) യോഗത്തിൽ റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയായിരുന്നു. വിഷയത്തിൽ നയതന്ത്രപരവും സമാധാനപരവുമായ പ്രമേയം ഉണ്ടാകേണ്ടതുണ്ടെന്ന് യോഗത്തിൽ വിലയിരുത്തി.
റഷ്യ യുക്രെയിൻ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ എന്തു നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഇന്ത്യയെ അറിയിച്ചു. യുക്രെയിൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 27 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഡൽഹിയെ ഉൾപ്പെടുത്തിയെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാടിമർ പുഡിൻ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര് ബൊൽസൊനാരയുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ചയിൽ യുക്രെയിൻ സംഘർഷം ചർച്ചയായില്ല.