ഊണിലും ഉറക്കത്തിലും എല്ലാം ഒരു കൈ അകലത്തിലും കെെയ്യിലുമായി സ്മാർട്ട്ഫോൺ ഒട്ടുമിക്ക ആളുകളിലും ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരീരത്തിലെ ഒരു അവയവം പോലെ മനുഷ്യ ജീവിതത്തിൽ സ്മാർട്ട്ഫോൺ പ്രാധാന്യം നേടിയിരിക്കുന്നു. സ്മാർട്ട്
ഫോൺ ഉപയോഗം ഒഴിവാക്കിയുള്ള ഒരു ജീവതം ഇന്ന് പലർക്കും ചിന്തിക്കാൻ സാധിക്കില്ല.
എന്നാൽ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. അതിലൊന്നാണ് സ്മാർട്ട്ഫോൺ കണ്ണുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം. മണിക്കൂറുകളോളം സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായി കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം, കമ്പ്യൂട്ടർ വിഷൻ സിൻഡ്രം അല്ലെങ്കിൽ ഡിജിറ്റൽ ഐ സ്ട്രെയിൻ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണിന് വേദന, തലവേദന, കാഴ്ച മങ്ങൽ, കണ്ണുകളിലെ വരൾച്ച, കഴുത്തിനും തോളിനും വേദന തുടങ്ങിയവയൊക്കെ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം മൂലം ഉണ്ടാകാറുണ്ട്. സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം അഥവാ SVS അപൂർവ സന്ദർഭങ്ങളിലൊഴികെ അന്ധതയ്ക്ക് കാരണമാകില്ലെങ്കിലും പരിശോധിക്കാതിരുന്നാൽ ഉറപ്പായും കാഴ്ചയ്ക്ക് ദോഷം ചെയ്യും.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണുകളെ സംരക്ഷിക്കാം.
ടെക്സ്റ്റ് വലുപ്പം വർദ്ധിപ്പിക്കുക
സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ദൃശ്യതീവ്രത ( contrast ), തെളിച്ചം (ബ്രൈറ്റ്നസ് ), ടെക്സ്റ്റ് ക്രമീകരണങ്ങൾ എന്നിവ മാറ്റാൻ എല്ലാ സ്മാർട്ട്ഫോണുകളിലും ഓപ്ഷൻ ഉണ്ട്. ചെറിയ അക്ഷരങ്ങൾ വായിക്കാൻ കണ്ണുകൾക്ക് കൂടുതൽ ആയാസപ്പെടേണ്ടിവരുന്നു. അതിനാൽ ആയാസരഹിതമായി വായിക്കാൻ കഴിയും വിധം ഫോൺ സെറ്റിങ്സിൽ മാറ്റം വരുത്തുക.
സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക:
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഡിസ്‌പ്ലേയിൽ വരുത്തേണ്ട മറ്റൊരു മാറ്റം സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക എന്നതാണ്. നമ്മുടെ ചുറ്റുപാടിനെ ആശ്രയിച്ച് ബ്രൈറ്റ്നസ് സെറ്റ് ചെയ്യാൻ ഫോണിനെ അനുവദിക്കുന്നതിന് ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് സെറ്റിങ്സ് ഓപ്ഷൻ ഉണ്ട്. ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
3) അകലം പാലിക്കുക
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഫോൺ സ്ക്രീനിൽ 16 മുതൽ 18 ഇഞ്ച് വരെ ദൂരത്തിൽ നിങ്ങൾക്ക് എല്ലാം കാണാൻ കഴിയണം. ഒരു കാരണവശാലും ഫോൺ കണ്ണിനോട് വളരെ അടുത്ത് പിടിക്കരുത്. കൂടുതൽ അടുത്ത് കാണണമെങ്കിൽ, സ്ക്രീനിൽ സൂം ഇൻ ചെയ്യുന്നത് പരിഗണിക്കുക.
നൈറ്റ് മോഡ് ഉപയോഗിക്കുക
ഇന്നത്തെ മിക്ക സ്മാർട്ട്‌ഫോണുകളും നൈറ്റ് മോഡ് ഫീച്ചറോടെയാണ് വരുന്നത്, ഈ ഫീച്ചർ രാത്രിയിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണുകളിലെ ആയാസം കുറയ്ക്കുന്നത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു. അതിനായി ഈ ഫീച്ചർ ഓണാക്കിയിടേണ്ടതുണ്ട്. രാത്രിയിലെ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ കണ്ണുകളെ സംരക്ഷിക്കാനുള്ള എളുപ്പവഴിയാണിത്.
രാത്രിയിൽ ഉറക്കക്കുറവിന് കാരണം മെലറ്റോണിന്റെ അഭാവമാണ്. സ്ക്രീനിൽനിന്നുള്ള നീല വെളിച്ചം മെലറ്റോണിനെ തടയുന്നു. ഈപ്രശ്നം പരിഹരിക്കാൻ നൈറ്റ് ലൈറ്റ് ഫീച്ചർ സഹായിക്കും. സ്ക്രീനിന് മികച്ച തെളിച്ചം നൽകാൻ ഡിസ്പ്ലേ പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തിന്റെ അളവ് നൈറ്റ് ലൈറ്റ് ഫീച്ചർ കുറയ്ക്കുന്നു. ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നസ്- നൈറ്റ് ലൈറ്റ്/റീഡിംഗ് മോഡ് തെരഞ്ഞെടുത്ത് ഈ ഫീച്ചർ ഓണാക്കാം.
കണ്ണടയ്ക്കാൻ മറക്കരുത്
ഫോണിൽ ഉള്ളടക്കം വായിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫോണിൽ ശ്രദ്ധകേന്ദ്രീകരിച്ച് കണ്ണുചിമ്മാൻ പലപ്പോഴും പലരും മറക്കാറുണ്ട്. ഇത് ദോഷം ചെയ്യും. ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നത് കണ്ണുകൾക്ക് വിശ്രമം നൽകുകയും ആയാസം കുറയ്ക്കുകയും ചെയ്യും. കണ്ണടയ്ക്കുമ്പോഴെല്ലാം, കണ്ണുകൾ നനവുള്ളതാകുകയും വരൾച്ച കുറയുകയും ചെയ്യും.
ഇരുട്ടിൽ ഒരിക്കലും സ്ക്രീൻ ഉപയോഗിക്കരുത്
ഇരുണ്ട ചുറ്റുപാടിൽ ഫോൺ ഡിസ്പ്ലേയിലുള്ളത് വായിക്കുകയോ കാണുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ചുറ്റും വെളിച്ചമുണ്ടെന്ന് ഉറപ്പാക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പതിവായി ഇരുട്ടത്ത് ഫോൺ ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം ഉണ്ടാകാൻ സാധ്യത കൂട്ടുന്നു.