തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റേയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും. ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ലെന്നും, നിങ്ങൾ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും വിഡിസതീശന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സി.പി.എമ്മിന്‍റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനിയാണ്. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി.
പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.