തിരുവനന്തപുരം: വനിതാ കൗൺസിലർമാർക്ക് എതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ സിപിഎം നേതാവ് ഡിആർ അനിലിന് എതിരെ കേസ് എടുക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എത്ര നവോത്ഥാന സദസ് നടത്തിയാലും സ്റ്റഡിക്ലാസ് സംഘടിപ്പിച്ചാലും പൊതുപ്രവർത്തന് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ സിപിഎം നേതാക്കളുടെ നിലപാട് മാറില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. എ വിജയരാഘവൻ മുതൽ ഡിആർ അനിൽവരെ നേതാക്കൻമാർ എന്തുപറഞ്ഞാലും നടപടി വേണ്ട എന്നതാണ് പാർട്ടി നിലപാടെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഉപഗ്രഹസർവേ നടത്തി റിപ്പോർട്ട് ജനത്തിന് നൽകാതെ മൂന്ന് മാസം അതിൽ അടയിരുന്നത് എന്തിനാണ് എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് നൽകാത്തത്തും സർക്കാർ മറച്ചുവച്ചു. ഉത്തരേന്ത്യയിലെ കർഷകരുടെ കണ്ണീർ മാത്രം കണ്ടാൽപോരെന്നും കേരളത്തിലെ കർഷകരുടെ ദുരിതം മാറ്റാൻ ഉടൻ നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയിൽ തുടർനടപടി വൈകിയത് എന്തുകൊണ്ടെന്ന് സർക്കാർ ജനങ്ങളോട് വിശദീകരിക്കണെമന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.