വൈക്കം:അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ അനുഗ്രഹം തേടി ഭക്തസഹസ്രങ്ങൾ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നടത്തി. ഇന്ന് പുലർച്ചെ 3.30ന് നട തുറന്ന് പ്രഭാത പൂജകൾക്ക് ശേഷം 4. 30 ന് അഷ്ടമി ദർശനത്തിനായി നട തുറന്നു. വേദമന്ത്രോച്ചാരണങ്ങളും പഞ്ചാക്ഷരി മന്ത്രങ്ങളും പഞ്ചരത്ന കീർത്തനാലാപനവും ക്ഷേത്രനഗരിയെ ഭക്തി സാന്ദ്രമാക്കി. പുലർച്ചെ ഒന്നിനു മുമ്പുതന്നെ ക്ഷേത്രത്തിന്റെ നാലു നടകളിലും ഭക്തരെ കൊണ്ടു നിറഞ്ഞിരുന്നു. വ്യാഘ്ര പാദമഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകി അനുഗ്രഹിച്ച കൃഷ്ണാഷ്ടമി നാളിലെ ബ്രാഹ്മ മുഹൂർത്തത്തിൽ വൈക്കത്തപ്പനെ ശരണം പ്രാപിച്ചാൽ കൃപാവരം ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ന് 11.30ന് പ്രതൽ തുടങ്ങിയ ശേഷവുംഭക്തരുടെ നീണ്ട നിര ക്ഷേത്രത്തിന്റെ നാലു നടകകളിലും ഒരു കിലോമീറ്ററിലധികം നീണ്ടിരുന്നു.ഊട്ടുപുരയിൽ ദേവസ്വം ബോർഡ് 121 പറ അരിയുടെ പ്രാതലുട്ടാണ് നടത്തുന്നത്. പ്രാതലൂട്ടിലും ആയിരക്കണക്കിനു ഭക്തരാണ് പങ്കെടുത്തത്.