തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മൂര്‍ഖന്റെ വിഷം സുരേഷിന്റെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് നിലവിലുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സുരേഷ് ഓര്‍മശക്തി വീണ്ടെടുത്തതായും എഴുന്നേറ്റിരുന്ന് സംസാരിച്ചതായും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെ സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയും ചെയ്തു. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയ്യിരുന്നു.