ഗതാഗതമന്ത്രിയുടെ അദാലത്ത് ; മോട്ടോർ വാഹന വകുപ്പിൽ 718 പരാതികൾക്ക് പരിഹാരമായി

കോട്ടയം: മോട്ടോർ വാഹന വകുപ്പിൽ തീർപ്പാകാതെ കിടന്ന ഫയലുകൾ തീർപ്പാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കോട്ടയത്തു നടത്തിയ പ്രഥമ മോട്ടോർ വാഹന പരാതിപരിഹാര അദാലത്ത് ‘വാഹനീയം 2021’ലൂടെ 718 പരാതികൾ പരിഹരിച്ചു. മൊത്തം 758 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 40 പരാതി അടിയന്തരമായി പരിഹരിക്കുന്നതിന് നിർദ്ദേശിച്ചു.
കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന അദാലത്ത് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അധികാരം ജനങ്ങളിലേക്കിറങ്ങി വന്ന അനുഭവമാണ് മുഖാമുഖമുള്ള അദാലത്തുകളെന്ന് മന്ത്രി പറഞ്ഞു.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് വിവിധ അപേക്ഷകൾ സമർപ്പിക്കാനും ലൈസൻസ് പുതുക്കാനുമുള്ള സംവിധാനം നടപ്പാക്കിയാൽ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് അപേക്ഷകരെ മോചിപ്പിക്കാം. ഇടപാടുകാർ നേരിട്ട് വന്നാലേ അപേക്ഷ തീർപ്പാക്കൂവെന്ന് വകുപ്പിലെ ജീവനക്കാർ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസ്, ആർ.സി. ബുക്ക് എന്നിവ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. സർക്കാർ ഓഫീസുകളിലെത്താതെ വീട്ടിലിരുന്നു തന്നെ അപേക്ഷ സമർപ്പിക്കാനും ഓരോ ഘട്ടത്തിലും അപേക്ഷയുടെ തൽസ്ഥിതി മനസിലാക്കാനും സാധിക്കുന്ന നിലയിൽ വകുപ്പിന്റെ ഓൺലെൻ സേവനങ്ങൾ സുതാര്യമാക്കും. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും പതിനാലു ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എ.എൽ.എ., നഗരസഭാംഗം സിൻസി പാറേൽ, ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്ത് കുമാർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles