പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെത്തിയത്. ഇവിടെ നിന്നു തന്നെയാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. അട്ടപ്പാടി കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.
ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയാണ് വ്യാജ രേഖ പകർപ്പ് കണ്ടെത്തിയത്.