“ജനങ്ങൾ രാജാക്കന്മാരാണ്, ഞാൻ അവരുടെ ‘ദളപതി’യും”: സൂപ്പർ സ്റ്റാർ വിവാദങ്ങൾക്ക് വിരാമമിട്ട് വിജയ്

ചെന്നൈ: തമിഴകത്ത് കുറച്ചു നാളുകളായി നിലനിൽക്കുന്ന ‘സൂപ്പർസ്റ്റാർ’ തർക്കങ്ങളോട് പ്രതികരിച്ച് നടൻ വിജയ്. ‘ലിയോ’യുടെ സക്സസ് മീറ്റിന് ഇടയിലായിരുന്നു താരത്തിന്റെ പ്രതികരണം.

“ഒരേയൊരു ‘പുരട്ചി തലൈവർ’, ഒരേയൊരു ‘പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ’, ഒരേയൊരു ‘ഉലകനായകൻ’, ഒരേയൊരു ‘സൂപ്പർസ്റ്റാർ’, ഒരേയൊരു ‘തല’… ജനങ്ങൾ രാജാക്കന്മാരാണ്, ഞാൻ അവരുടെ ‘ദളപതി’യാണ്,” എന്നായിരുന്നു ആരാധകർക്കിടയിലെ തർക്കം അവസാനിപ്പിക്കും പോലെ വിജയ്‌യുടെ വാക്കുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘വാരിസ്’ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ വേദിയിൽ സംസാരിച്ച കാര്യങ്ങളാണ് ‘സൂപ്പർസ്റ്റാർ’ തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ദളപതി വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചിരിക്കുന്നു എന്നുമായിരുന്നു ശരത് കുമാറിന്റെ വാക്കുകൾ. ഇതിന്റെ ചുവടുപിടിച്ച് വിജയ്‌യെയും സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കണമെന്ന ആവശ്യവുമായി നടന്റെ ആരാധകരിൽ ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ രംഗത്തുവരികയായിരുന്നു.

അതേ സമയം, ട്രെയ്‌ലർ-ഓഡിയോ ലോഞ്ചുകൾ നടത്താതെയെത്തിയ ‘ലിയോ’യുടെ സക്സസ് മീറ്റ് അതിഗംഭീരമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും താരനിരയും പങ്കെടുത്തു.

രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങൾക്കും വിജയ് മറുപടി പറഞ്ഞു. 2026നെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന അവതാരകരുടെ ചോദ്യത്തിന് ‘കപ്പ് മുഖ്യം ബിഗിലേ’ എന്ന സിനിമ ഡയലോഗ് ആയിരുന്നു മറുപടി.

സിനിമയെ ഒരു വിനോദ മാധ്യമായി മാത്രം കാണണമെന്നും ആരാധകരോടുള്ള പ്രസംഗത്തിൽ താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഫാൻഫൈറ്റുകളിൽ ഏർപ്പെടരുതെന്നും താരം അഭ്യർത്ഥിച്ചു. ‘ഒരു ചലച്ചിത്രകാരന്റെ ഭാവനയുടെ ഉൽപന്നമെന്ന നിലയിലാണ് ലോകമെമ്പാടും ആളുകൾ സിനിമയെ കാണുന്നത്. നല്ലതിനെ സ്വീകരിക്കുക, മോശമായതിനെ ഉപേക്ഷിക്കുക,’ വിജയ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles