തൃശൂർ : അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. റമ്മി കളിച്ച് ഉണ്ടായ കടം തീർക്കുന്നതിന് വേണ്ടിയാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് ലിജോ പൊലീസിന് മൊഴി നൽകി.
റമ്മി കളിച്ചു 75 ലക്ഷം രൂപ ബാധ്യതയുണ്ടായി. കൂട്ടുകാരുടെ കയ്യിൽ നിന്ന് കടമായി വാങ്ങിയതും ഇതിൽ പെടും. വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തി. ഈ ബാധ്യതകൾ ആണ് ലിജോയെ മോഷണത്തിന് പ്രേരിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം നടന്നത്. കൈയ്യിലൊരു സഞ്ചിയുമായി ബാങ്കിൽ എത്തിയ ലിജോ കന്നാസില്‍ നിന്നും പെട്രോളെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു.
അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്റെ ഗ്രിച്ച് പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്റാണെന്ന വിവരം പുറത്തുവരുന്നത്.
വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ അന്വേഷണം നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.