ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ ? ഈ ചോദ്യത്തിന് പിന്നിൽ മറ്റൊരു ചോദ്യത്തിന്റെ ഉയിർപ്പു കൂടി ഇന്ന് അവശേഷിച്ചു. തന്റെ 99-ാം ടെസ്റ്റിൽ വിരാട് സെഞ്ച്വറി തികയ്ക്കുമോ ! ഇന്ത്യൻ ക്യാപ്റ്റന്റെ തോളിലേറി ഇന്ത്യ ഇരട്ടി മധുരത്തിന്റെ സുന്ദര കാലത്തെ സ്വന്തമാക്കുമോ ! ആകുലതകളെയും ആശങ്കകളേയും പരാജയപ്പെടുത്തി വാണ്ടറേഴ്സിൽ വിജയിച്ചത് ആശ്ചര്യമായിരുന്നു. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് വിരാട് ആരാധകരെ നിരാശരാക്കി ആ സന്ദേശമെത്തിയത്. വിരാട് കളിക്കുന്നില്ല. പുറം വേദന മൂലം ക്യാപ്റ്റൻ സ്ഥാനം രാഹുലിന് . വാണ്ടറേഴ്സിൽ ശരിക്കും വണ്ടറായിരുന്നു ആ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് പുതിയതെന്തോ തിരയുകയാണോ ? ചോദ്യങ്ങളും സംശയങ്ങളും നിരവധിയാണ്.
എന്താണ് കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്. ദ്രാവിഡെന്ന പുതിയ പരിശീലകന്റെ കടന്ന് വരവ് പുതിയ കാലത്തിന്റെ തുടക്കമാവുകയാണോ ? കോഹ്ലി കളിക്കില്ല എന്ന തീരുമാനം മത്സരത്തിന് തലേന്നോ രാവിലെയോ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല. 99 ന്റെ നിറവിനെ കുറിച്ച് മാത്രം ചർച്ച ചെയ്ത് മയങ്ങിയ ക്രിക്കറ്റ് ലോകത്തെ ഈ തീരുമാനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത രാഹുലാണ് രണ്ടാം ടെസ്റ്റിന്റെ നായക പദവി ചൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കയിൽ വിരാട് 100-ാം ടെസ്റ്റ് കളിക്കുമെന്ന വസ്തുതയ്ക്കാണ് ഇന്ന് വിരാമമായത്. കോഹ്ലിയുടെ അഭാവത്തിൽ ഹനുമ വിഹാരിയാണ് ടീമിൽ ഇടം നേടിയത്. ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി കുറിച്ച ശ്രേയസ് അയ്യർ നിലനിൽക്കെ ഓൾ റൗണ്ടർ വിഹാരിയ്ക്ക് നറുക്ക് വീണതും ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയമാണ്. ഏകദിന നായക പദവി ഒഴിഞ്ഞതിന് ന്യായങ്ങൾ ബിസിസിഐ നിരത്തുമ്പോഴും മുഖ്യ സിലക്ടറുടെ ഏറെ വൈകിയുള്ള പരാമർശം വീണ്ടും വിഷയത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. ആരുടെ പ്രേരണയാലാണ് വിരാട് ക്യാപ്റ്റൻ സ്ഥാനം വച്ചൊഴിഞ്ഞത്. ശാസ്ത്രിയുമായി മികച്ച ബന്ധം പുലർത്തിയിരുന്ന കോഹ്ലിയും ശാസ്ത്രിയോടൊപ്പം അരങ്ങൊഴിയുമെന്നതിന്റെ സൂചനകൾ സമ്മാനിക്കുകയാണോ ബിസിസിഐ .
എന്ത് തന്നെ ആയാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമിൽ അസ്വാരസ്യങ്ങളുടെ പുകയുയരുവാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. വാക്കുകൾക്കും വാചകങ്ങൾക്കുമപ്പുറം ക്രിക്കറ്റ് ലോകത്തെ ചരിത്ര ഗാഥയിലേക്ക് വിരാടിന്റെ മാന്ത്രിക ബാറ്റ് ചലിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.