തിരുവനന്തപുരം : വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു.
വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഷൻ ആക്രമിച്ചതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. 35 ലേറെ പൊലീസുകാർക്കാണ് സ്റ്റേഷനാക്രമണത്തിൽ പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രമസമാധാനം പുലർത്താനാണ് പൊലീസ് ശ്രമിക്കുന്നത്. നിലവിൽ അഞ്ഞൂറിലേറെ പൊലീസുകാരെ വിഴിഞ്ഞം തുറമുഖ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലൊന്നും കോംപ്രമൈസ് ഒന്നുമുണ്ടായിട്ടില്ലെന്നും കമ്മീഷണർ വിശദീകരിച്ചു.
307 വകുപ്പ് അനുസരിച്ച് കൊലപാതക
ശ്രമത്തിനാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ആ കേസിലെ പ്രതിയെയാണ് റിമാൻറ് ചെയ്തത്. രണ്ടാമത്തെ കേസെടുത്തത് സമരം നടത്തുന്നവർക്കെതിരെയാണ്.
അവർക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. അതുകൊണ്ടാണവർക്ക് ജാമ്യം ലഭിച്ചത്. ഇതിൽ കോംപ്രമൈസുകൾ ഒന്നുമുണ്ടായിട്ടില്ലെന്ന് വിശദീകരിച്ച കമ്മീഷണർ പൊലീസിനെതിരായ ലത്തീൻ സഭയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും അറിയിച്ചു.