തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഠനവും പൂര്‍ത്തിയാക്കിയാണ് കരാറില്‍ ഏര്‍പ്പെട്ടത്. തീരശോഷണം സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാന്‍ നടപടി എടുക്കും. പദ്ധതിക്ക് ആരംഭിക്കുന്നതിന് മുൻപും തീരശോഷണം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം കേരളം വലിയ അപകട മേഖലയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാന്‍ ചെയ്യണം. പല ജില്ലകളിലും പല പ്രശ്നങ്ങളാണ് ഉള്ളത്. ഓരോ ജില്ലയിലും ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ ഇല്ലെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.