ഭീമന്‍ യന്ത്രസാമഗ്രികളുമായെത്തിയ ട്രക്കുകള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ കാര്യമായ കുഴപ്പങ്ങളില്ലാതെ താമരശേരി ചുരം കയറി വയനാട്ടിലെത്തി.
ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ ഇന്നലെ രാത്രി 9.50ന് അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ച് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ലക്കിടിയിലെ വയനാട് പ്രവേശകകവാടത്തില്‍ എത്തിയത്. ലക്കിടിയില്‍ നിറുത്തിയിട്ടിരിക്കുന്ന ട്രക്കുകള്‍ അധികം വൈകാതെ കല്‍പ്പറ്റ-ബത്തേരി- മുത്തങ്ങ വഴി കര്‍ണാടകയിലേക്കു പ്രവേശിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ്, ഫയര്‍ഫോഴ്‌സ്, വനം, റവന്യൂ വകുപ്പ്, കെ.എസ്.ഇ.ബി., ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ട്രക്കുകള്‍ സുരക്ഷിതമായി ചുരം കയറിയത്. ആംബുലന്‍സുകളും ക്രെയിനുകളും ട്രക്കുകളെ അനുഗമിച്ചിരുന്നു. ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ വലിയ നീളമുള്ള ട്രക്കുകള്‍ കുടുങ്ങുമോയെന്ന് ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പരിഹാരത്തിനാണ് ക്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റേണ്ടി വരുകയാണെങ്കില്‍ അതിനായി കെ.എസ്.ഇ.ബി. ജീവനക്കാരും ലോറിയെ അനുഗമിച്ചു.
ലോറി കടന്നുപോകുന്ന സമയം പൊതുമുതലിന് നഷ്ടം സംഭവിക്കുകയാണെങ്കില്‍ ഈടാക്കാനായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയില്‍ നിന്ന് 20 ലക്ഷം രൂപ കോഴിക്കോട് ജില്ലാഭരണകുടം നിക്ഷേപമായി വാങ്ങിയിരുന്നു.
ട്രക്കുകള്‍ക്ക് ചുരം കയറാനായി ഇന്നലെ രാത്രി 8 മണി മുതല്‍ താമരശേരി ചുരത്തിലുടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ട്രക്കുകളുടെ ചുരം യാത്ര വലിയ വാര്‍ത്താപ്രാധാന്യം നേടിയതോടെ നൂറുകണക്കിന് ആളുകളാണ് ഇന്നലെ യാത്ര വീക്ഷിക്കാനെത്തിയത്.