വയനാട് :ഇനി ഒരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതേ’; മന്ത്രിക്കു മുമ്പില്‍ വേദന പങ്കുവച്ച് തോമസിന്റെ കുടുംബം’കടുവ അവിടെത്തന്നെ വെച്ച് ചേട്ടായിയെ തീര്‍ത്തെങ്കില്‍ ചിലപ്പോള്‍ ഇത്രയും സങ്കടമുണ്ടാകുമായിരുന്നില്ല. നമ്മളായിട്ട് കൊന്നതാണ് ചേട്ടായിയെ, നമ്മള് മനുഷ്യന്മാരാണ് കൊന്നത്. രാവിലെ പത്തുമണിക്ക് പരിക്കേറ്റ മനുഷ്യനാണ് വൈകീട്ട് നാലുമണിയോടെ രക്തം വാര്‍ന്നൊഴുകി മരിച്ചത്. മൃഗത്തിന് അറിയില്ലായിരുന്നെന്ന് ചിന്തിക്കാം. പക്ഷെ ഇത് സാറെ’; കടുവ ആക്രമണത്തില്മരിച്ച തോമസ് എന്ന സാലുവിന്റെ സഹോദരി സിംന വനംമന്ത്രി എ.കെ. ശശീന്ദ്രനോട് പറഞ്ഞ ഈ വാക്കുകള്‍ കണ്ടുനിന്നവരുടെയെല്ലാം നെഞ്ച് പൊള്ളിക്കുന്നതായിരുന്നു.പുതുശ്ശേരിയില്‍ പള്ളിപ്പുറത്ത് തോമസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രി. ‘രക്ഷപ്പെടുത്താമായിരുന്ന ആളായിരുന്നു. മരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാലിനല്ലേ മുറിവുണ്ടായിരുന്നുള്ളു. ആധുനികസൗകര്യങ്ങളൊന്നുമില്ലാത്ത ആംബുലന്‍സിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. കൂടെ ഒരു സഹായി മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യപ്പെട്ടപ്പോള്‍ വെള്ളം കൊടുക്കാനുള്ള സംവിധാനം പോലുമുണ്ടായിരുന്നില്ല. ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത് സാറേ… കുടുംബാംഗങ്ങള്‍ കൂട്ടത്തോടെ മന്ത്രിയോട് സങ്കടം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിയ മന്ത്രി അരമണിക്കൂറോളം ഇവിടെ ചിലവഴിച്ചാണ് മടങ്ങിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്, മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ രമ്യാ രാഘവന് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.