കോട്ടയം: വയനാട് ദുരന്തത്തിൽ അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ ഓൺഫണ്ടിൽ നിന്നും വിതരണം ചെയ്യാൻ കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിന്റെ തീരുമാനം. ഇന്നലെ ചേർന്ന കോട്ടയം നഗരസഭ കൗൺസിൽ യോഗമാണ് ഇത്തരത്തിൽ തീരുമാനമായത്. രണ്ട് തവണയായി 50 ലക്ഷം രൂപ നൽകാനാൺ കൗൺസിൽ തീരുമാനം. ആദ്യ ഘട്ടമായി ഓൺഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കും. ബാക്കി 25 ലക്ഷം രൂപ വിവിധ ഇനത്തിലായി കണ്ടെത്തുന്നതിനാണ് തീരുമാനമായിരിക്കുന്നത്. ഇത് പൊതുജന പങ്കാളിത്തതോടെ കണ്ടെത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നതെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ പറഞ്ഞു. ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭയിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ പൊതുജനങ്ങൾ എന്നിവരെ പദ്ധതിയുമായി എങ്ങിനെ സഹകരിപ്പിക്കാം എന്ന് ആലോചിക്കുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു. എന്നാൽ, നഗരസഭയുടെ ഈ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്താതെ കോട്ടയം നഗരസഭ നഗരത്തിന് അപമാനമായി മാറിയിരുന്നതായി പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ ആരോപിക്കുന്നു. അഞ്ചു കോടി രൂപ നഗരസഭയുടെ ഓൺ ഫണ്ടിൽ ഉണ്ട്. എന്നാൽ, 25 ലക്ഷം ഓൺഫണ്ടിൽ നിന്നും നൽകാമെന്നും ബാക്കി തുക ഉദ്യോഗസ്ഥരിൽ നിന്നും പിരിക്കാമെന്നും പറയുന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു.