തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിശുത വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ള കാര്യം വിപിൻ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രതിശ്രുത വരനായ നിതിൻ വ്യക്തമാക്കി.
കഴിഞ്ഞദിവസം സേവ് ദ ഡേറ്റിന് ഫോട്ടോ എടുക്കാന്‍ പോയപ്പോഴും വളരെ ഹാപ്പി ആയാണ് പോയത്. ബാങ്കില്‍ പോയാല്‍ പൈസ കിട്ടും അതെടുത്ത് സ്വര്‍ണം എടുക്കണമെന്നൊക്കെ വിപിൻ പറഞ്ഞു. അച്ഛനില്ലാത്ത പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ സ്ത്രീധനമൊന്നും ചോദിച്ചിരുന്നില്ല. ഗള്‍ഫിലായതിനാല്‍ ലീവ് കിട്ടാനുള്ള പ്രശ്നമാണ് വിവാഹം വൈകാന്‍ കാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി 41 ദിവസത്തെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമേ വിവാഹം നടത്താനാകുകയുള്ളൂ. ജനുവരിയില്‍ പോകാനാണ് നേരത്തെ ആലോചിച്ചിരുന്നത്. ഇനി വിവാഹം കഴിഞ്ഞിട്ടേ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നുള്ളൂ എന്നും നിതിന്‍ പറഞ്ഞു.
വായ്പ ലഭിക്കാത്തതില്‍ മനോവിഷമം
പണം ലഭിക്കാത്ത വിഷമത്തിൽ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹത്തിനായി ആഭരണങ്ങള്‍ എടുക്കാനാണ് ജുവല്ലറിയില്‍ പോയത്.
വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ എവിടെ നിന്നും വായ്പ് ലഭിച്ചില്ല. പിന്നാലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വര്‍ണം എടുക്കാന്‍ അമ്മയേയും സഹോദരിയേയും കൂട്ടി പോയി.
സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് അടുത്ത ഞായറാഴ്ച
പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്. എന്നാല്‍ വായ്പ നല്കാന് കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സുപ്പര്‍ മാര്‍ക്കറ്റിലായിരുന്നു വിപിന്‍ ജോലി. എന്നാല്‍ കോവിഡ് കാലത്ത് അത് നഷ്ടമായി.സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ട് കുറച്ചു നാളായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് നീട്ടിവെച്ചു. അടുത്ത ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.