കോട്ടയം : ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് പിന്നിൽ സ്വകാര്യ ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പും വാഴൂർ പഞ്ചായത്തും ഇടപെട്ടു. ഫാക്ടറി വളപ്പിൽ ഇരുപതിനായിരത്തോളം പഴകിയ കോഴിമുട്ട കുഴിച്ചിട്ടതാണ് സമീപത്തെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ശനിയാഴ്ചയാണ് സന്തോഷിൻന്റെ വീട്ടിലെ കിണർവെള്ളം പാൽനിറത്തിലായി കണ്ടത്. വെള്ളം പതച്ച് ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികൾ തിരച്ചിൽ നടത്തിയത്. വീടിന് സമീപം പ്രവർത്തിക്കുന്ന ബി.ഇസഡ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന് പിന്നിൽ വലിയ കുഴികുത്തി മുട്ട കുഴിച്ചിടുകയായിരുന്നു. ഇവിടേക്ക് സംസ്ക്‌കരിക്കാൻ കൊണ്ടുവന്ന ഒരു പിക്കപ്പ് വാനിലെ മുട്ടയും നാട്ടുകാർ തടഞ്ഞിട്ടു. തുടർന്ന് പഞ്ചായത്ത് അധികൃതരെ നാട്ടുകാർ തന്നെ വിവരമറിയിക്കുകയായിരുന്നു.ഫാക്ടറിക്ക് സമീപം ചാക്കിൽകെട്ടിയ ലോഡ് കണക്കിന് ഭക്ഷ്യമാലിന്യമാണ് ഉണ്ടായിരുന്നത്. ചീഞ്ഞുപോയ ഈന്തപ്പഴം, മുട്ട, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ കെട്ടിടത്തിന് ചുറ്റും സൂക്ഷിച്ചിരുന്നു. ഇവ അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് മൊത്തവിൽപ്പന നടത്തുന്ന സ്ഥാപനമാണിത്. ഇതരസംസ്ഥാന തൊഴിലാളികളും സ്ത്രീകളുമാണ് ജീവനക്കാർ.
ഇതരസംസ്ഥാന തൊഴിലാളികളാണ് ഫാക്ടറി വളപ്പിൽ കുഴികുത്തി മുട്ട സംസ്കരിച്ചത്. മഴ പെയ്തതോടെ കുഴിയിൽ താഴ്ന്ന വെള്ളം കിണറ്റിലെത്തി. മാലിന്യങ്ങൾ മറ്റെവിടെയെങ്കിലും സംസ്കരിക്കാനും കിണർ തേകി വൃത്തിയാക്കി നൽകാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. വിഷയത്തിൽ ഫാക്ടറി ഉടമയ്ക്ക് നോട്ടീസ് നൽകിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.