തൃശ്ശൂർ: വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനി കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മലയാള വേദിയാണ് വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടികൂടാനോ, ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ അട്ടപ്പാടി ഗവൺമെന്റ് കോളേജിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കെ വിദ്യ സ്വിഫ്റ്റ് കാറിലാണ് ജൂൺ രണ്ടിന് നടന്ന അഭിമുഖത്തിന് കോളേജിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിട്ടില്ല. വിദ്യയെ ഇറക്കി കോളേജിന് പുറത്ത് പോയ കാർ പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വിദ്യയെ കൂട്ടിക്കൊണ്ടുപോകാനാണ് തിരിച്ചെത്തിയത്. ഈ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയി.
സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ തന്നെ അട്ടപ്പാടി കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടിരുന്നു. വ്യാജ സർട്ടിഫിക്കറ്റെന്ന് ഉറപ്പിച്ച ശേഷം കോളേജിൽ നിന്ന് വിദ്യയെ ബന്ധപ്പെടുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിന് കോളേജ് അധികൃതർ കൈമാറി.
സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോഴാണ് കോളേജ് അധികൃതർ ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേയെന്ന് വിദ്യയോട് ചോദിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റല്ലെന്നും ആരാണ് അങ്ങനെ പറഞ്ഞതെന്നും വിദ്യ തിരിച്ചു ചോദിച്ചെന്ന് കോളേജ് അധികൃതർ പറഞ്ഞു.
മഹാരാജാസ് കോളേജാണ് ഇത് വ്യാജരേഖയെന്ന് വിദ്യക്ക് മറുപടി നൽകിയപ്പോൾ, താൻ അന്വേഷിക്കട്ടെ എന്നാണ് വിദ്യ പ്രതികരിച്ചത്.