പ്രകാശ് നീലിന്റെ സംവിധാനത്തിൽ പ്രഭാസും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് എന്തുകൊണ്ട് പൃഥ്വിരാജിനെ തെരഞ്ഞെടുത്തു എന്നതിന്റെ കാരണം പറയുകയാണ് പ്രശാന്ത് നീല്‍. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇതേക്കുറിച്ച് പറയുന്നത്.
വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തിനുവേണ്ടി ഒരു താരം എന്നതിനേക്കാള്‍ ഒരു ഗംഭീര നടനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. രണ്ട് ഉറ്റ ചങ്ങാതിമാര്‍ ശത്രുക്കളായി മാറുകയാണ് സിനിമയില്‍. ആ സ്നേഹവും വെറുപ്പും സ്ക്രീനിലേക്ക് എത്തിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ഞങ്ങള്‍ ഏറെക്കാലം ചിന്തിച്ചു. ഒരുപാട് പേരുകളും മുന്നിലേക്കെത്തി. ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ എന്റെ മനസില്‍ ആദ്യം മുതലേ വന്നുകൊണ്ടിരുന്നത് പൃഥ്വിരാജിന്റെ പേരായിരുന്നു. പക്ഷേ അതല്പ്പം കടന്ന സ്വപ്നമാണോ എന്നും ഞാന്‍ ആലോചിച്ചിരുന്നു. കുറേ സമയമെടുത്തായിരുന്നു അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍. തിരക്കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു തിരക്കഥ”, പ്രശാന്ത് നീല്‍ പറയുന്നു.