ഓവൽ: ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യൻമാർ. 444 റണ്ണിന്റെ വമ്പൻ ലക്ഷ്യം പിൻതുടർന്നിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ലഞ്ചിന് മുൻപ് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ നഥാൻ ലയോണും, മൂന്നു വിക്കറ്റ് സ്‌കോട്ട് ബോളണ്ടുമാണ് ഇന്ത്യൻ ബാറ്റിംങ് നിരയുടെ നട്ടെല്ലൊടിച്ചത്. 209 റണ്ണിനാണ് ഇന്ത്യയുടെ തോൽവി.
സ്‌കോർ
ആസ്‌ട്രേലിയ – 469, 270/8 ഡി
ഇന്ത്യ -296, 234
നാലാം ദിനം 164 ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. ക്രീസിൽ നിലയുറപ്പിച്ചു കളിച്ചിരുന്ന വിരാട് കോഹ്ലിയിലും അജിൻകെ രഹാനയിലുമായിരുന്നു ഇന്ത്യൻ പ്രതീക്ഷകളത്രയും. സ്‌കോർ 179 ൽ നിൽക്കെ കോഹ്ലി പതിവ് ശ്രദ്ധക്കുറവിന്റെ പേരിൽ പവലിയനിലേയ്ക്കു തിരിഞ്ഞു നടന്നു. ബോളണ്ടിന്റെ ഓഫ് സൈഡിന് പുറത്തു വന്ന പന്തിൽ ബാറ്റ് വച്ച കിംങ്ങിനു പിഴച്ചു, പന്ത് മനോഹരമായ ക്യാച്ചിലൂടെ സ്മിത്തിന്റെ കയ്യിൽ. 78 പന്തിൽ 49 റണ്ണെടുത്ത കോഹ്ലി പുറത്തായതോടെ ഇന്ത്യ തീർത്തും പ്രതിരോധത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ ഓവറിലെ തന്നെ അവസാന പന്തിൽ ജഡേജയെ വിക്കറ്റ് കീപ്പർ കാരിയുടെ കയ്യിൽ എത്തിച്ച് ബോളണ്ട് ആഞ്ഞടിച്ചു. പൂജ്യം റണ്ണായിരുന്നു ജഡേജയുടെ സമ്പാദ്യം. ജഡേജ പുറത്തായതിനു പിന്നാലെ എത്തിയ ഭരതിനൊപ്പം നിന്ന് രഹാനെ വീണ്ടും പ്രതിരോധം കടുപ്പിച്ചു. ടീം സ്‌കോർ 200 കടന്നതിനു പിന്നാലെ രഹാനെയും വീണു. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് രഹാനെയുടെ ബാറ്റിലുരസി കാരിയുടെ കയ്യിൽ വിശ്രമിക്കുകയായിരുന്നു. 108 പന്തിൽ 46 റണ്ണാണ് രഹാനെ നേടിയിരുന്നത്.
അവസാന പ്രതീക്ഷയായി എത്തിയ ഷാർദൂൽ താക്കൂർ, റണ്ണെടുക്കും മുൻപ് ലയോണിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ, ഒരു റൺ മാത്രമെടുത്ത ഉമേഷ് യാദവിന്റെ വിക്കറ്റ് വീണ്ടും കാരിയുടെ സഹായത്തോടെ സ്റ്റാർക്ക് തന്നെ എടുത്തു. അവസാന വിക്കറ്റായി മുഹമ്മദ് സിറാജിനെ ലയോൺ പുറത്താക്കിയതോടെ ഇന്ത്യയുടെ പോരാട്ടം പാഴായി. രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനോടായിരുന്നു ഇന്ത്യയുടെ പരാജയം.