ചരിത്രത്തിലിടം പിടിച്ച രണ്ട് വർഷങ്ങൾ ; 1983 ,  2011 ലോകകപ്പുകളിൽ മുത്തമിട്ട ടീം ഇന്ത്യ ; ഇന്ത്യൻ കിരീട നേട്ടത്തിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ 

സ്പോർട്സ് ഡെസ്ക്ക് : ചരിത്രത്തില്‍ ഇന്ത്യ രണ്ട് ലോകകപ്പുകളാണ് നേടിയത്. ആദ്യ നേട്ടം 1983ലും രണ്ടാമത്തേത് 2011ലും. രണ്ട് ലോകകപ്പിന്റെയും ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ കണ്ണോടിക്കാം.ഇന്ത്യയുടെ കായിക ലോകത്തെയാകെ മാറ്റിമറിച്ച വര്‍ഷമായിരുന്നു 1983. ആരും പ്രതീക്ഷിക്കാതെ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പ് കിരീടം ഉയര്‍ത്തിയത് ആ വര്‍ഷമാണ്. രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടി ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായി അക്കാലത്ത് തലയുയര്‍ത്തി നിന്നിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.

Advertisements

സാധാരണമായ ഒരു ടീമിനെയും കൊണ്ടാണ് കപില്‍ദേവ് എന്ന നായകന്‍ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാവെക്കെതിരെ കപില്‍ പുറത്താവാതെ നേടിയ 175 റണ്‍സാണ് കിരീടനേട്ടത്തിലേക്ക് ഇന്ത്യ എത്തുന്നതില്‍ നിര്‍ണായകമായ പ്രകടനം. ഓള്‍റൌണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്‌. സെമിയിലും അദ്ദേഹം തിളങ്ങിയിരുന്നു.കരുത്തരായ വിന്‍ഡീസിനെയും ഓസ്ട്രേലിയയെയും വീഴ്ത്തി ടൂര്‍ണമെന്റിന് തുടക്കമിട്ട ഇന്ത്യ സിംബാബ്വെയെയും പരാജയപ്പെടുത്തി. എന്നാല്‍ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ടില്‍ ഓസ്ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനും മുന്നില്‍ കാലിടറി. അതേസമയം, സിംബാബ്വെയുമായി നടന്ന നിര്‍ണായക മത്സരത്തില്‍ വിജയം നേടി ഇന്ത്യ സെമിഫൈനലിലെത്തി. സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിന് യോഗ്യത നേടിയ ഇന്ത്യന്‍ കുതിപ്പ് കിരീട നേട്ടത്തിലാണ് അവസാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലില്‍ ടോസ് ജയിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോറിങ് 183 റണ്‍സില്‍ അവസാനിച്ചു. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിങ്ങും മാര്‍ഷലും ഗോമസും വെസ്റ്റ് ഇന്‍ഡീസിന്റെ ബോളിങ് പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം മറികടക്കാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് പക്ഷെ ഇന്ത്യന്‍ ബോളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ സാധിച്ചില്ല. പേരുകേട്ട വിന്‍ഡീസ് ബാറ്റിങ് നിരയിലെ നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. വിവിയന്‍ റിച്ചാര്‍ഡ് അടിച്ചെടുത്ത 33 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മദന്‍ ലാലിന്റെയും മോഹിന്ദര്‍ അമര്‍നാഥിന്റെയും മൂന്ന് വിക്കറ്റ് പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ ലോകകപ്പില്‍ വേണ്ടത്ര തിളങ്ങിയിരുന്നില്ല. ഓപ്പണര്‍ ശ്രീകാന്ത് ഓരോ മത്സരങ്ങളിലും ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിച്ചു. ഇന്ത്യന്‍ മധ്യനിരയെ നയിച്ചത് സന്ദീപ് പാട്ടീലിന്റെ ഇന്നിങ്സുകളായിരുന്നു.യശ്പാല്‍ ശര്‍മയുടെ ഇന്നിങ്സ് ടീമിന് കരുത്തേകി. ബോളിങ്ങിലും ബാറ്റിങ്ങിലും റോജര്‍ ബിന്നി തിളങ്ങിയപ്പോള്‍ ബാറ്റിങ്ങിനൊപ്പം തന്നെ കീര്‍ത്തി ആസാദ് ആവശ്യമുള്ള ഘട്ടങ്ങളില്‍ ബോളിങ്ങിലും തിളങ്ങി. മീഡിയം പേസറായ മദന്‍ ലാലും തിളങ്ങി.ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിയായിരുന്നു. കിര്‍മാനിയുടെ പ്രകടനം ഗംഭീരമായിരുന്നു. ബല്‍വീന്ദര്‍ സിങ് സന്ധുവായിരുന്നു ടീമിലെ സ്പിന്നര്‍.

ബാറ്റര്‍മാരില്‍ തിളങ്ങിയ മറ്റൊരാള്‍ ദിലീപ് വെങ്സര്‍ക്കാര്‍ ആയിരുന്നു. അന്ന് യുവതാരമായിരുന്ന രവി ശാസ്ത്രിയുടെ ഓള്‍റൌണ്ട് പ്രകടനവും ഇന്ത്യക്ക് ലോകകപ്പില്‍ കരുത്ത് പകര്‍ന്നു. സുനില്‍ വാല്‍സനാണ് ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍. ഒരു മത്സരത്തിലും കളിച്ചില്ലെങ്കിലും വാല്‍സന്‍ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ എപ്പോഴും വലിയ ആത്മവിശ്വാസം പകര്‍ന്നു. 

1983ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം 2011ല്‍ മഹേന്ദ്ര സിങ് ധോണിയുടെ പുലിക്കുട്ടികള്‍ ഇന്ത്യക്കായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍ ത്രസിച്ചിരുന്ന കാണികളുടെ ഇടയിലേക്ക് കൂറ്റന്‍ സിക്സര്‍ പറത്തിയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ വിജയത്തിലേക്ക് ടീമിനെ നയിച്ചത്.വാങ്കഡെയില്‍ മത്സരവിജയത്തിന് ശേഷം ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റിയുള്ള ഇന്ത്യന്‍ താരങ്ങളുടെ ആഘോഷമൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല. സച്ചിന് ക്രിക്കറ്റ് ലോകം നല്‍കിയ ആദരം കൂടിയായി ആ ലോകകപ്പ് മാറി. സച്ചിന്റെ ജന്‍മനാട് കൂടിയായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനല്‍ നടന്നത്.

ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 88 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ മഹേള ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ ശ്രീലങ്ക 275 റണ്‍സ് നേടി.ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് വെറും 31 റണ്‍സ് എടുക്കുന്നതിനിടെ സച്ചിനെയും സെവാഗിനെയും നഷ്ടമായി. എന്നാല്‍ 22കാരനായ വിരാട് കോലിയും ഗൗതം ഗംഭീറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ട് നേടി. കോലി പുറത്തായപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളാണ് നാലാമനായി ക്രീസിലെത്തിയത്. അതേ… എംഎസ് ധോണി മുന്നില്‍ നിന്ന് പടനയിക്കാനെത്തി. ഒടുവില്‍ ധോണിയുടെയും ഗംഭീറിന്റെയും ബാറ്റിങ് മികവില്‍ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം. ഗംഭീര്‍ 97 റണ്‍സെടുത്തപ്പോള്‍ ധോണി 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.അവസാന ഓവറില്‍ വെടിക്കെട്ടുമായി യുവരാജ് സിങ് 21 റണ്‍സുമായി അണിനിരന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്ത മുഹൂര്‍ത്തം നല്‍കി. വീണ്ടും ബ്ലൂസ് ഇറങ്ങുന്നു ഇന്ത്യയില്‍ തന്നെ മൂന്നാം കിരീടത്തിനായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.