എടത്വ: കെ.എസ്.ആര്.ടി.സി. വനിതാ കണ്ടക്ടറോഡ് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പോലീസ് വരുന്നതറിഞ്ഞ് ചതുപ്പില്‍ ചാടി. ഒന്നരമണിക്കൂറിനു ശേഷം തകഴി അഗ്നിശമനസേനായും എടത്വ പോലീസും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. കറുകച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷപെടുത്തിയതെന്ന് എടത്വ പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തിരുവല്ലായില്‍ നിന്ന് കയറിയ ഇവര്‍ ബസ്സില്‍ തുപ്പുകയും മറ്റും ചെയ്ത് മലിനമാക്കാന്‍ ശ്രമിക്കുന്നത് കണ്ട് വനിതാ കണ്ടക്ടര്‍ ഇവരെ തടയാന്‍ ശ്രമിക്കുകയുമായിരുന്നു.
കണ്ടക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എടത്വ ഡിപ്പോയില്‍ എത്തിയപ്പോള്‍ ഇവര്‍ ഇറങ്ങാതെ ബസ് വിടത്തില്ല എന്ന് വനിതാ കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡിപ്പോ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ബസ്സില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ഈ സമയം ആലപ്പുഴയ്ക്ക് ബസ്സു വിടുകയും ചെയ്തു. തുടർന്ന് യുവാക്കൾ ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പി എടുത്ത് എറുകയും ചെയ്തു. പോലീസ് വരുന്നതറിഞ്ഞ് ഓടിയ ഇവര്‍ എടത്വ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥലം പരിചയമില്ലാത്ത ഇവര്‍ ചതുപ്പില്‍ ഒരു മണിക്കൂറോളം കിടന്നു. പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ ചതുപ്പില്‍ നിന്ന് ഒരുത്തനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടയില്‍ മറുകരയില്‍ എത്തിയ ഒരാള്‍ മറ്റൊരു ബസ്സില്‍ കയറി തിരുവല്ലയ്ക്ക് പോവുകയും ചെയ്തു. ചതുപ്പില്‍ പതുങ്ങിക്കിടന്ന യുവാവിനെ തകഴി ഫയര്‍ഫോഴ്സും എടത്വ പോലീസും ചേര്‍ന്ന് അതിസാഹസികമായിട്ടാണ് കരയ്ക്ക് എത്തിച്ചത്. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന യുവാവ് ഒരു ശബ്ദംപോലുമുണ്ടാക്കാതെ പതുങ്ങി കടകലിനുള്ളില് വെള്ളത്തില്‍ കിടന്നതാണ് അഗ്നിരക്ഷാസേനയേയും പോലീസിനേയും വട്ടംചുറ്റിച്ചത്. പോലീസ് ജെസിബി എത്തിച്ച് ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപെടുകയായിരുന്നു.
യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകഴി ഫയര്‍ സ്റ്റേഷനിലെ ഫയര്മാന് പ്രദീപ്കുമാര്‍ പി.കെ.യുടെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരിക്കേല്‍ക്കുകയും ചെയ്തു. എടത്വ സി.ഐ. കെ.ബി. ആനന്ദബാബു, എസ്.ഐ സെബാസ്റ്റ്യന്‍ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, വിജയന്, സനീഷ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുമേഷ്, മനുകുട്ടന്, അഭിലാഷ്, രാജേഷ്, അരുണ്‍, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.