ദില്ലി : ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളില്‍ സമാനമായ അളവില്‍ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ പറയുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കല്‍ 822.1 ടണ്‍ സ്വർണമാണ് ഉണ്ടായിരുന്നത്. അതില്‍ 413.8 ടണ്‍ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 27.5 ടണ്‍ സ്വർണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി. ഒട്ടുമിക്ക സെൻട്രല്‍ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്ബരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആർബിഐ വാങ്ങുന്ന സ്വര്‍ണത്തിന്‍റെ സ്റ്റോക്ക് വിദേശത്ത് വർധിക്കുന്നതിനാല്‍ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
15 വർഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആര്‍ബിഐ 200 ടണ്‍ സ്വർണ്ണം വാങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്വര്‍ണ നിക്ഷേപത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ മാർച്ച് അവസാനത്തോടെയാണ് സ്വര്‍ണനീക്കം ആരംഭിച്ചത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇത്രയും സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയില്‍ ചുമത്തുന്ന സംയോജിത ജിഎസ്ടിയില്‍ ഇളവ് നല്‍കിയില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന തുക സ്റ്റോറേജ് ചിലവില്‍ കുറച്ച് ലാഭിക്കാനും ഈ നീക്കം ആർബിഐയെ സഹായിക്കും. മുംബൈയിലെ മിൻ്റ് റോഡിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുക.