അടുത്തകാലത്ത് ‘മലൈക്കോട്ടൈ വാലിബനോ’ളം ആവേശവും ഹൈപ്പും സമ്മാനിച്ച സിനിമ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തി എന്നത് തന്നെയാണ് അതിന് കാരണം. പക്ഷേ ആ യുഎസ്പി റിലീസിന് ശേഷം സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ആദ്യദിനം മുതൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ആദ്യദിന കളക്ഷനിൽ മലൈക്കോട്ടൈ വാലിബൻ തിളങ്ങി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആ കളക്ഷൻ മുന്നോട്ട് കൊണ്ടുപോകാൻ വാലിബന് സാധിച്ചില്ല എന്നത് വ്യക്തമാണ്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള, അതായത് പതിനൊന്ന് ദിവസത്തെ വാലിബന്റെ കളക്ഷനാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ഇത്രയും ദിവസത്തിൽ വാലിബൻ ആകെ നേടിയത് 29.20 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്നും 13.70 കോടി, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും 2.20 കോടി, ഓവർസീസ് 13.30 കോടി എന്നിങ്ങനെയാണ് വാലിബൻ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 25 വ്യാഴാഴ്ചയായിരുന്നു വാലിബന്റെ റിലീസ്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ മോഹൻലാൽ ചിത്രം കളക്ഷനിൽ വൻ കുതിപ്പ് തന്നെ സൃഷ്ടിക്കുമായിരുന്നു. കാരണം ജനുവരി 26 റിപ്പബ്ലിക് ഡേ അവധിയാണ്. മറ്റ് രണ്ട് ദിവസങ്ങൾ ശനിയും ഞായറുമാണ്. മൂന്ന് ദിവസം അടുപ്പിച്ച് അവധിയായതിനാൽ വൻ കളക്ഷൻ സ്വന്തമാക്കുമായിരുന്നു. ആദ്യദിനം 12 കോടിയാണ്(കേരളം 5.85) ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിറ്റേദിനം മുതൽ കളക്ഷനിൽ ഇടിവ് സംഭവിക്കാൻ തുടങ്ങി.
നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. നേര് ആണ് ഇതിന് മുൻപ് മോഹൻലാലിന്റേതായി റിലീസ് ചെയ്തത്. ബറോസ് ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.