തൃശൂർ : മലപ്പുറം തിരൂരില്‍ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ നാലു പേര് അറസ്റ്റിൽ. കുട്ടിയുടെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, കാമുകന് ജയസൂര്യ, ഇയാളുടെ അച്ഛന് കുമാര്‍, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. കടലൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനും അയാളുടെ കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയ ജയശ്രീയെ കണ്ടെത്തിയ ബന്ധുക്കളാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.
തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച കാര്യം യുവതി വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ഓടയില്‍ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ശ്രീപ്രിയയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.