ദില്ലി : ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തില്‍ മരണം 110 ആയി. തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ദില്ലിയില്‍ ജലക്ഷാമം പ്രതിസന്ധിയായി തുടരുകയാണ്. ദില്ലി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമന്ന് ലഫ് ഗവര്‍ണ്ണര്‍ കുറ്റപ്പെടുത്തി. ദില്ലി, പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരും. കഴിഞ്ഞ ഒന്നര ദിവസത്തിനുള്ളില്‍ 60 പേരുടെ മരണം ആണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണം ഒഡീഷയിലാണ് 46 പേർ. ആയിരത്തിലെറെ പേർ ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് യുപിയിലെ കാണ്‍പൂരിലാണ്. 48.2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
ഉഷ്ണ തരംഗം കനക്കുമ്ബോള്‍ ദില്ലിയില്‍ കുടിവെള്ളക്ഷാമം തുടരുകയാണ്. കുടിവെള്ള ടാങ്കറുകളെ കാത്ത് നില്ക്കുന്നവരുടെ ദൃശ്യങ്ങളാണ് പലയിടത്തും കാണുന്നത്. ഇതിനിടെ പ്രതിസന്ധിയെ ചൊല്ലി രാഷ്ട്രീയപോരും കടുക്കുകയാണ്. ജലവിതരണത്തില്‍ സ്വന്തം കഴിയില്ലായ്മ മറിയ്ക്കാൻ എഎപി സർക്കാർ മറ്റു സംസ്ഥാനങ്ങളെ കുറ്റം പറയുകയാണെന്ന് ലഫ് ഗവർണർ വി.കെ സക്സേന പ്രതികരിച്ചു. ജലക്ഷാമം ബിജെപി അജണ്ടയെന്നും ലഫ് ഗവർണർ വൃത്തിക്കെട്ട് രാഷ്ട്രീയം കളിക്കുകയാണെന്നും എഎപി തിരിച്ചടിച്ചു. ദില്ലിക്ക് വെള്ളം നല്കുന്നതില് കുറവ് വരുത്തിയിട്ടില്ലെന്നാണ് ഹരിയാന സർക്കാരിന്റെ പ്രതികരണം.