ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ 15 ട്രെയിനുകള്‍ വൈകിയോടി. മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയില്‍വേ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
പഥാല്‍ക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകള്‍ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), പത്മാവത് എക്സ്പ്രസ് (14207) എന്നീ ട്രെയിനുകള്‍ ഒരു മണിക്കൂറിലധികമാണ് വൈകിയോടിയത്. യശ്വന്ത്പൂർ ദൊറോന്തോ എക്സ്പ്രസ് (12213), ലക്നൗ മെയില്‍ (12229) തുടങ്ങിയ ട്രെയിനുകള്‍ക്ക് കാലതാമസം നേരിട്ടപ്പോഴാണ് സുഹൈല്‍ ദേവ് എക്സ്പ്രസ് (22419) ഒരു മണിക്കൂർ വൈകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൂല സാഹചര്യത്തില്‍ സുരക്ഷാ പ്രൊട്ടൊക്കോളുകള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അവരുടെ ട്രെയിൻ സമയം ഉറപ്പാക്കണമെന്നും റെയില്‍വേ അതോറിറ്റികള്‍ അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങളും വൈകിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 216ല്‍ എത്തിയിരുന്നു. നാളെ മുതല്‍ അടുത്ത 5 ദിവസത്തേക്ക് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞുണ്ടാകുമെന്നും താപനില 7മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.