കോട്ടയം : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖല കനത്ത ആശങ്കയില്‍.മഴ തുടരുന്നതോടെ കൂട്ടിക്കല്‍ . മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ളവരെ ഉടന്‍ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തില്‍ മഴ ഇപ്പോഴും തുടരുകയാണ്. ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളും കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും വലിയ ആശങ്കയാണ്. പ്രദേശത്ത് പുല്ലകയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇരു കരയിലുമുള്ള വീടുകളില്‍ വെള്ളം കയറിത്തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം, ഏന്തയാര്‍ ഈസ്റ്റ് മേഖലകളെ കൂട്ടിക്കല്‍ പഞ്ചായത്തുമായി ബന്ധിപ്പിച്ചിരുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം ഇല്ലാതായതോടെ ആശുപത്രിയിലടക്കം രോഗികളെ എത്തിക്കാന്‍ നാട്ടുകാര്‍ വലയുകയാണ്. ഇവിടെ താല്‍ക്കാലികമായി ഉണ്ടാക്കിയ നടപ്പാലം വെള്ളത്തില്‍ മുങ്ങിയതോടെ യാത്ര ദുരിതമായി.
ഇളംകാടിന്റെ സമീപ പ്രദേശങ്ങളായ ഇളംകാട് ടോപ്പ്, കൊടുങ്ങ, മ്ലാക്കര, മൂപ്പന്‍മല പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാണ്. കനത്ത മഴ ഇവിടെയും തുടരുകയാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.