കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നുവയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും ചികിത്സ വൈകാന്‍ കാരണമായി.അപകടം നടന്ന ഉടന്‍ ദൃക്സാക്ഷികളില്‍ ചിലര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം 2 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടന്‍, അതുവഴി കാറില്‍ പോകുകയായിരുന്ന ഒരാള്‍ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തില്‍ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തില്‍പെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങിയത്.ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയില്‍ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വയര്‍ലെസിലൂടെ നിര്‍ദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാന്‍ താലൂക്ക് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.ആശുപത്രിയില്‍ ഐസിയു ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ അതുവഴി കടന്നുപോകുന്ന വിഐപിക്ക് അകമ്ബടി പോകാനാണെന്ന പേരില്‍ വിട്ടു നല്‍കിയില്ല. 108 ആംബുലന്‍സിനു വേണ്ടി ശ്രമം നടത്തിയെങ്കിലും അവര്‍ പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കുന്ന ഡ്യൂട്ടിയിലായിരുന്നു. പിന്നീട് സ്വകാര്യ ആംബുലന്‍സ് വരുത്തിയാണു കുഞ്ഞിനെ 15 കിലോമീറ്ററിലേറെ ദൂരെയുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെ ചികിത്സയിലിരിക്കെ ജാനകി മരണത്തിനു കീഴടങ്ങി. അതിനിടെ പരുക്കേറ്റവരുമായി പോവുകയായിരുന്ന വാഹനങ്ങള്‍ ടോള്‍ബൂത്തില്‍ തടഞ്ഞതായും പരാതി ഉയര്‍ന്നിട്ടുണ്ട്.