നാഗ്പൂർ: രോഹിത് ശർമ്മയുടെ സെഞ്ച്വറിയ്ക്കു പിന്നാലെ ഇന്ത്യൻ ബാറ്റിംങിന്റെ കടിഞ്ഞാണേറ്റെടുത്ത ജഡേജയുടെ ബാറ്റിംങിന്റെയും, അക്സർ പട്ടേലിന്റെ ആക്രമണത്തിന്റെയും ബലത്തിൽ ടീം ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിലാണ് ഇന്ത്യ മികച്ച ലീഡ് സ്വന്തമാക്കിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 144 റണ്ണിന്റെ ഉജ്വലമായ ലീഡുണ്ട്. മൂന്ന് വിക്കറ്റ് കയ്യിൽ അവശേഷിയ്ക്കുകയും, പട്ടേലും ജഡേജയും ക്രീസിൽ നിൽക്കുകയും ചെയ്യുമ്പോൾ മൂന്നാം ദിനം ഇന്ത്യയ്ക്ക് മികച്ച സ്കോർ പ്രതീക്ഷിക്കാം.
ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറി തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 212 പന്തിൽ രണ്ടു സിക്സും 15 ഫോറും പറത്തിയ ശർമ്മ 120 റണ്ണെടുത്ത് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ച ശേഷമാണ് മടങ്ങിയത്. രോഹിത് ശർമ്മ മടങ്ങിയ ശേഷം ജഡേജയ്ക്ക് കൂട്ടായി എത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരത് എട്ട് റൺ മാത്രം എടുത്ത് മടങ്ങിയതോടെ ഇന്ത്യൻ വാലറ്റത്തെ ചുരുട്ടിക്കെട്ടി വേഗം ബാറ്റിംങ് തുടങ്ങാമെന്നായിരുന്നു ഓസീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ജഡേഡയും (170 പന്തിൽ 66), അക്സർ പട്ടേലും (102 പന്തിൽ 52 ) ചേർന്ന് മികച്ച പ്രതിരോധമാണ് കാഴ്ച വച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത്തിന് മികച്ച പിൻതുണ നൽകിയ രാത്രി കാവൽ കാരൻ ആർ.അശ്വിൻ (23) മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. കോഹ്ലി (12), പൂജാര (ഏഴ്), സൂര്യകുമാർ യാദസ് (എട്ട്), ശ്രീകാർ ഭരത് (എട്ട്) എന്നിവരെല്ലാം രണ്ടക്കം തികയ്ക്കും മുൻപ് മടങ്ങി. ആദ്യമായി ടെസ്റ്റ് ക്യാപ്പ് അണിഞ്ഞ ഓസീസ് സ്പിന്നർ ടോഡ് മർഫി 36 ഓവറിൽ 82 റൺ വഴങ്ങി അഞ്ച് വിക്കറ്റ് വീഴത്തിയിട്ടുണ്ട്. ലയോൺ ഒന്നും, കമ്മിൻസ് ഒന്നും വീതം വിക്കറ്റുകൾ നേടി.
സ്കോർ
ഓസ്ട്രേലിയ – 177
ഇന്ത്യ -321/7