ന്യൂഡൽഹി: ആദ്യ ടെസ്റ്റിലെ ഇന്നിംങ്സ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കരുതിക്കളിച്ച് ആസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസീസ് ഭേദപ്പെട്ട സ്കോറിന് പുറത്തായി. ഓപ്പണർ ഖവാജയുടെയും, പീറ്റർ ഹാൻഡ് കോംബിന്റെയും മികച്ച ഇന്നിംങ്സാണ് ഓസീസിനെ ഇരുനൂറ് കടത്തിയത്. ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും ജാഗ്രതയോടെയായിരുന്നു ഓസീസിന്റെ കളി.
ടോസ് നേടിയ ഓസീസ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ നിന്ന് വിരുദ്ധമായി, നഥാൻ ലയോണിനെയും, മർഫിയെയും, പുതുമുഖ സ്പിന്നർ കൂമാനെയും ടീമിൽ ഉൾപ്പെടുത്തി മൂന്നു സ്പിന്നർമാരുമായാണ് ഓസീസ് കളത്തിലിറങ്ങിയത്. ഇന്ത്യ സൂര്യകുമാറിന് പകരം അജിൻകെ രഹാനെയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുതിക്കളിച്ച ഓസീസ് ഓപ്പണർമാർ രണ്ടു പേരും ചേർന്ന് സോകോർ അൻപത് കടത്തി. ഇതിനിടെ ഷമിയുടെ ഏറിൽ വിക്കറ്റ് കീപ്പർ ഭരത് ക്യാച്ചെടുത്ത് വാർണർ പുറത്തായി. 44 പന്തിൽ 15 റൺ മാത്രമായിരുന്നു വാർണറുടെ സമ്പാദ്യം. തുടർന്ന്, ഖവാജയ്ക്കൊപ്പം ചേർന്ന് ലബുഷൈൻ മികച്ച രീതിയിൽ ഇന്ത്യൻ ബൗളർമാരെ നേരിട്ടു. അത് വരെ കളത്തിലെത്താതിരുന്ന അശ്വിൻ ഈ സമയം പന്തുമായി തന്റെ മാജിക്ക് കാട്ടി. 91 എന്ന ശക്തമായ നിലയിൽ നിന്നിരുന്ന ഓസീസിനെ പ്രതിരോധത്തിലേയ്ക്കു തള്ളി വിട്ട ഒറ്റ ഓവറായിരുന്നു അശ്വിൻ എറിഞ്ഞത്.
22 ആം ഓവറിന്റെ നാലാം പന്തിൽ ലെബുഷൈനെയും (25 പന്തിൽ 18), അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തിനെയും അശ്വിൻ തന്റെ മാജിക് ഓവറിൽ വീഴ്ത്തി. 108 ൽ ഹെഡിനെ മുഹമ്മദ് ഷമിയും, പിടിച്ചു നിന്ന് കളിച്ച ഖവാജയെ (125 പന്തിൽ 81) ജഡേയയുടെ പന്തിൽ സൂപ്പർ ക്യാച്ചിൽ കെ.എൽ രാഹുൽ പിടിച്ച് പുറത്താക്കി. ഒരു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും അലക്സ് ക്യാരിയെ റണ്ണെടുക്കും മുൻപ് അശ്വിൻ തന്നെ വീഴ്ത്തി.
പിന്നാലെ, ഹാൻഡ് കോമ്പിനൊപ്പം ചേർന്ന് കമ്മിൻസ് തന്നാൽ കഴിയും വിധം പ്രതിരോധം തീർത്തു. എന്നാൽ, ജഡേജയുടെ പന്തിന്റെ ദിശയറിയാതെ ബാറ്റ് വച്ച കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. 59 പന്തിൽ 33 റണ്ണായിരുന്നു കമ്മിൻസ് ടീമിനു സംഭാവന ചെയ്തത്. ഇതേ ഓവറിന്റെ അവസാന പന്തിൽ മർഫിയെ റണ്ണെടുക്കും മുൻപ് വീഴ്ത്തിയ ജഡേജ അധികം വൈകാതെ ഓസീസിനെ ചുരുട്ടിക്കെട്ടുമെന്ന പ്രതീതി സമ്മാനിച്ചു. എന്നാൽ, ലയോണിനെ ഒരു വശത്ത് നിർത്തി ഹാൻഡ് കോംബ് മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ ബൗളർമാർക്ക് കിണഞ്ഞ് പരിശ്രമിക്കേണ്ടി വന്നു.
ഇതോടെ സ്പിന്നർമാരിൽ നിന്നും പന്ത് ഷമിയ്ക്കു നൽകി ക്യാപ്റ്റൻ രോഹിത്ത്. ഇതിന് ഫലം കാണുകയും ചെയ്തു. 10 റണ്ണെടുത്ത ലയോണും, ആറു റണ്ണെടുത്ത കുമാനും ഷമിയ്ക്കു മുന്നിൽ വീണു. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി 14.4 ഓവറിൽ 60 റൺ വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അശ്വിനും ജഡേജയും മൂന്നു വീതം വിക്കറ്റുകൾ പങ്കു വച്ചു. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 21 ൽ ബാറ്റിംങ് അവസാനിപ്പിച്ചു. 13 റണ്ണുമായി രോഹിത് ശർമ്മയും, നാലു റണ്ണുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.
സ്കോർ
ഓസ്ട്രേലിയ – 263 /10
ഇന്ത്യ – 21/0