ആലപ്പുഴ : എടത്വ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. എല്‍ ഡി എഫ് മെമ്പര്‍ എം എച്ച് മോളിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിനിത ജോസഫ് മെഴുകുതിരി ചിഹ്നത്തിലും, യുഡിഎഫിലെ റോസിലിന് മാത്യു കസേര ചിഹ്നത്തിലും എന്‍ഡിഎ യിലെ പ്രമീള താമര ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്. ഇടത് മുന്നണി വിജയിച്ച വാര്‍ഡില്‍ സീറ്റ് തിരിച്ച് പിടിക്കുമെന്ന് യുഡിഎഫും, നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര വികസനം ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ മത്സരത്തിന് ഇറങ്ങിയത്.
തായങ്കരി സെന്റ് ആന്റണീസ് എൽ പി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 807 വോട്ടർമാരാണുള്ളത്. 386 പുരുഷ വോട്ടും 421 സ്ത്രീ വോട്ടർമാരുമാണുള്ളത്. മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പമാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്, എംഎല്‍എ മാരായ എച്ച് സലാം, തോമസ് കെ തോമസ് ഉള്‍പ്പെടെ സംസ്ഥാന ജില്ല നേതാക്കളെ എല്‍ഡിഎഫ് പ്രചരണത്തിന് ഇറക്കിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കന്മാരെ യു.ഡി എഫും പ്രചരണത്തിനിറക്കിയിരുന്നു. ബിജെപി ജില്ല പ്രസിഡന്റ് എം ആര് ഗോപകുമാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കന്മാര് എന്‍ഡിഎ യ്ക്ക് വേണ്ടി പ്രചരണ രംഗത്ത് ഇറക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയിലേയും പ്രമുഖ നേതാക്കന്മാരെ പ്രചരണത്തിനിറക്കി രംഗം കൊഴുപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ സ്ഥാനര്ത്ഥികളുമായി പ്രാദേശിക നേത്യുത്വം വീടുകള്‍ തോറും അവസാന വട്ട ഓട്ടപ്രദക്ഷിണത്തിലാണ്. നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികളുടേയും അഭിമാന പേരാട്ടമായി മാറിക്കഴിഞ്ഞു. എടത്വാ ഗ്രാമ പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് – 5, കേരള കോണ്‍ഗ്രസ് (ജേക്കബ്) – 1, കേരള കോണ്‍ഗ്രസ് ജോസഫ് – 3, സിപിഎം – 2, ജനാധിപത്യ കേരള കോണ്‍ഗ്രസ് – 1, സ്വതന്ത്രന് – 1, ബിജെപി – 1 എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മില്‍ നിന്നുള്ള 15-ാം വാര്‍ഡ് മെമ്പര്‍ എം.എച്ച് മോളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാലും പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈയ്യില്‍ ഭദ്രമാണ്.