അഹമ്മദാബാദ്: ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിന്‍റെ ടോസിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സൂചന. മത്സരത്തില്‍ പങ്കെടുക്കുന്ന ടീം നായകന്മാര്‍ നടത്തേണ്ട കോയിന്‍ ടോസ് മോദി നിര്‍വഹിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അറിയിക്കുന്നത്. മോദി കോയിന്‍ ഫ്ലിപ്പ് ചെയ്താല്‍ അതിഥി ടീമിന്‍റെ നായകനായ സ്റ്റീവ് സ്മിത്ത് ആയിരിക്കും ‘ടോസ് കോള്‍’ ചെയ്യുക.
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ എത്താനായി പിച്ചിന്‍റെ ആനുകൂല്യം മുതലാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് ടോസ് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. ക്രിക്കറ്റിലെ പതിവ് ചട്ടങ്ങളനുസരിച്ച് ടോസ് വേദിയില്‍ വിശിഷ്ടാതിഥികളെ പ്രവേശിപ്പിക്കാറില്ലെങ്കിലും മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഈ പതിവ് മാറാന്‍ സാധ്യതയുണ്ട്. നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ ഇന്ത്യയിലെ 50-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുമുണ്ട്.